തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിന് വഴിയൊരുങ്ങുന്നു. ഡിസംബർ ആദ്യവാരം പത്മജക്ക് കോൺഗ്രസ് അംഗത്വം നൽകാൻ ധാരണയായെന്നാണ് വിവരം. ഡിസംബർ 23ന് നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിലും പത്മജ പങ്കെടുക്കും. കെപിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം നൽകി പാർട്ടിയിലേക്ക് തിരിച്ചെടുക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.
പത്മജയുടെ തിരിച്ചുവരവിന് കോൺഗ്രസ് നേതൃത്വം നേരത്തേതന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം പത്മജ ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയായിരുന്നു. തുടർന്ന് മുരളീധരൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ബിജെപി വിടാനുള്ള തീരുമാനവും കോൺഗ്രസിലേക്ക് മടങ്ങാനുള്ള താൽപര്യവും പത്മജ പരസ്യമാക്കിയത്.
അതേസമയം, പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് നേതാക്കളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. കെ. കരുണാകരന്റെ മകളുടെ തിരിച്ചുവരവ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കരുതെന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾക്ക്. ഈ സാഹചര്യത്തിലാണ് മുൻനിലപാടുകളിൽ ഖേദം പ്രകടിപ്പിച്ച് പാർട്ടിയിലേക്ക് മടങ്ങണമെന്ന നിർദേശം പത്മജക്ക് നൽകിയതെന്നാണ് സൂചന.
മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമാണ് പത്മജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മാപ്പപേക്ഷ നടത്തിയിരുന്നു. ഇതോടെ പത്മജയുടെ പുനഃപ്രവേശനത്തെ എതിർത്ത നേതാക്കളുടെ അതൃപ്തി പരിഹരിക്കാനായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കെ. കരുണാകരൻ ട്രസ്റ്റിന്റെ പരിപാടികളിൽ സജീവമാകുന്നതിലൂടെയായിരിക്കും പത്മജയുടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്. ഡിസംബർ 23ലെ കരുണാകരൻ അനുസ്മരണത്തിന് മുമ്പുതന്നെ പാർട്ടി അംഗത്വം നൽകാനാണ് നീക്കം. പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാണ് ഇനി പ്രതീക്ഷിക്കുന്നത്.

