കോഴിക്കോട്: ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം നൽകിയ രണ്ടു രക്ഷിതാക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പുലർച്ചെ കോഴിക്കോട് നഗരത്തിൽ കുട്ടികൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. ടൗൺ പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത രണ്ടു കുട്ടികളെയും മാവൂരിൽ കാറുമായി സഞ്ചരിച്ച കുട്ടിയെയും പിടികൂടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 1.40ന് മാനാഞ്ചിറ ടൗൺഹാൾ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് വാഹന ഉടമയെ ബന്ധപ്പെടുകയും കണ്ണിപറമ്പ് സ്വദേശി കെ. അബ്ദുൽ നൈഫലിനെതിരെ ടൗൺ പൊലീസ് കേസെടുക്കുകയും ചെയ്തു. 3.40ന് മറ്റൊരു സ്കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെയും പിടികൂടി. കുട്ടിക്ക് വാഹനം നൽകിയ വാഹന ഉടമ പാവണ്ടൂർ സ്വദേശി കെ. ബിജുലക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു.
മാവൂരിൽ പുലർച്ചെ 4ന് കാർ ഓടിച്ചു വന്ന കുട്ടിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് നൽകിയ കാർ എടുത്തു പോകുകയായിരുന്നു എന്ന് പറഞ്ഞു. സുഹൃത്തിനെ വിളിച്ചു വരുത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉള്ളൂർ പുത്തൻപുരയിൽ സ്വദേശി അബ്ദുൽ സമദിനെതിരെ മാവൂർ പൊലീസ് കേസെടുത്തു. ചക്കുംകടവിൽ വൈകിട്ട് പന്നിയങ്കര പൊലീസ് സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു പരിശോധിച്ചതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും വാഹന ഉടമയായ കുട്ടിയുടെ മാതാവ് പന്നിയങ്കര സ്വദേശി ടി. നസ്രിയക്കെതിരെ കേസെടുക്കുകയും ചെയ്തു.
18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരുചക്രവാഹനവുമായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്. കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോൾ മാത്രമാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത്. സ്നേഹപ്രകടനം വണ്ടിയായി കൊടുത്ത് കോടതിവക പണികിട്ടിയ സംഭവം ഈ കേരളത്തിൽ തന്നെയാണ്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ കേസുകള്‍ ഓരോ ജില്ലയിലും കൂടിയതായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്കിയ രക്ഷിതാവിന്/വാഹന ഉടമക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് ലഭിക്കില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.
തടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ച കേസില്‍ പിതാവിനെ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. 25,000 രൂപ പിഴയടക്കാനായിരുന്നു കോടതി ആദ്യം ശിക്ഷ വിധിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ കൈയില്‍ 5000 രൂപ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ പിഴക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു. പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി. മൂത്തമകന് വാങ്ങിയ വണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകന് ഓടിക്കുന്നതിനിടെയാണ് മേല്‍പ്പറമ്പ് പൊലീസ് പിടിച്ചതും രക്ഷിതാവ് ജയിലില്‍ കിടക്കേണ്ടിവന്നതും. വിദേശത്തുള്ള രക്ഷിതാക്കൾ കേസില്‍ കുടുങ്ങിയ സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

