അർധരാത്രിയിൽ സാഹസിക ദൗത്യം; ആറു പേരെ കടിച്ച നായ് ഒടുവിൽ പിടിയിൽ

അർധരാത്രിയിൽ സാഹസിക ദൗത്യം; ആറു പേരെ കടിച്ച നായ് ഒടുവിൽ പിടിയിൽ

Spread the News

കൊല്ലം: ആറ് പേരെ കടിച്ച നായയെ അർധരാത്രി സാഹസികമായി പിടികൂടി. ഉളിയക്കോവിൽ, കാവടിപ്പുറം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയ നായയെയാണ് പാതിരാത്രി പിടികൂടി കൂട്ടിലാക്കിയത്. വീട്ടമ്മ ഉൾപ്പടെ ആറു പേരെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്.

കൗൺസിലർ ടി.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഡോഗ് ക്യാച്ചർമാരാണ് കാവടിപ്പുറം ഷാപ്പിന് സമീപത്തു നിന്ന് നായയെ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഈ നായയുടെ കടിയേറ്റ ഒരു വളർത്തു നായയേയും പിടികൂടി കൂട്ടിലാക്കി.

അക്രമാസക്തനായ പട്ടി സന്ധ്യയോടെ കണ്ണമത്ത് അമ്പലത്തിന് സമീപം നാലു പേരെ കടിച്ചു. പിന്നീട് കാവടിപ്പുറത്തെത്തിയ ശേഷം രണ്ടു​ പേർക്കു കൂടി നായയുടെ കടിയേറ്റു. നായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ എല്ല് പൊട്ടി. എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഓണക്കാല അവധി ആരംഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആക്രമണകാരിയായ പട്ടിയുടെ കടിയേൽക്കാൻ സാധ്യത കൂടുതലായിരുന്നു. പട്ടിയെ പിടിക്കാൻ സാധിച്ചത് പ്രദേശവാസികൾക്ക് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *