പറവൂർ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. എറണാകുളം പറവൂർ ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്.
ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിലാണ് സിബിക്ക് പരിക്കേറ്റത്. ബസുകളുടെ സമയക്രമത്തെ ചൊല്ലി സിബിയും മറ്റൊരു ബസ് ജീവനക്കാരനായ ചെറായി സ്വദേശി ആയുഷും തമ്മിൽ തർക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ തലയടിച്ചുവീണ് ഗുരുതര പരിക്കേറ്റ സിബി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സംഭവത്തിൽ ആയുഷിനെ പറവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിബിയുടെ മരണത്തെത്തുടർന്ന് നിലവിലെ കേസിൽ കൊലക്കുറ്റം കൂടി ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
സംസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും അടുത്തിടെ പതിവായിരിക്കയാണ്. വിവിധ സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി പരാതിയുണ്ട്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പലപ്പോഴും റോഡിലെ സംഘർഷങ്ങളിലേക്ക് വഴിമാറുന്നത്. ഓടുന്ന ബസിനിടയിൽ മറ്റൊരു ബസ് കുറുകെയിട്ട് ജീവനക്കാരെ ആക്രമിക്കുന്നതും, യാത്രക്കാരെ ഇറക്കിവിട്ട് ബസ് തടയുന്നതുമായ സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തിരക്കുള്ള സമയങ്ങളിൽ പോലും ജീവനക്കാരുടെ തർക്കം കാരണം യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടുന്ന പ്രവണത സാധാരണമാണ്. അടുത്തിടെ ആലുവയിൽ, ബസ് ഓടുന്നതിനിടയിൽ മറ്റൊരു ബസ് ജീവനക്കാർ വട്ടംവെച്ച് തടയുകയും അകത്ത് കയറി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാർ അറസ്റ്റിലായി.
അതേസമയം, ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷമുണ്ടാക്കുന്നവർക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ബസ് സ്റ്റാൻഡുകളിലും പ്രധാന കേന്ദ്രങ്ങളിലും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കാനും നടപടികൾ സ്വീകരിക്കും.
സമയമില്ലെന്ന് പറഞ്ഞാണ് സ്വകാര്യ ബസ് ജീവനക്കാർ നിയമം ലംഘിക്കുന്നതെന്ന് ഹൈകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ നിയമലംഘനം അംഗീകരിക്കാനാവില്ലെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞിരുന്നു.

