ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

Spread the News

കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂനിറ്റിലെ കെ.എസ് 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ മൂന്നിന് നെയ്യാറ്റിൻകര നിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തവേ കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് സർവിസ് തുടർന്ന വിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബന്ധപ്പെട്ട ബസിലെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ ട്രാഫിക് നിയമലംഘനം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസിലെ രണ്ട് ജീവനക്കാരെയും സർവിസിൽ നിന്ന് നീക്കംചെയ്യുകയും തുടരന്വേഷണ നടപടികൾ നടന്നുവരുകയുമാണ്.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് പരമപ്രാധാന്യം നൽകുന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. റോഡ് സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കേണ്ടത് എല്ലാ ജീവനക്കാരുടെയും ബാധ്യതയാണ്. നിയമലംഘനമോ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ചകളോ ഒരു സാഹചര്യത്തിലും അംഗീകരിക്കപ്പെടുന്നതല്ല. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

വിവരങ്ങൾ തേടി മോട്ടോർ വാഹന വകുപ്പ്

നിയമംലംഘിച്ച ഡ്രൈവറെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് വിവരങ്ങൾ തേടി കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയിരുന്നു. നിയമം ലംഘിച്ച ബസിന്റെ ഫോട്ടോയും സമയവും ഉൾപ്പെടെ പരാമർശിച്ചാണ് വിവരങ്ങൾ തേടിയത്. ജൂൺ നാലിന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് സഞ്ചരിച്ച കെ.എസ്.ആർ. ടി.സി സൂപ്പർഫാസ്റ്റ് ബസാണ് നിയമം ലംഘിച്ച് മറ്റു വാഹനങ്ങൾക്ക് അപകടകരമായ നിലയിൽ വൺവേ തെറ്റിച്ച് വന്നത്.

തൊണ്ടയാടുനിന്ന് ബൈപ്പാസിലേക്ക് കയറിയ ബസ്, ടോൾ പ്ലാസയിൽ എത്തിയപ്പോൾ ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസില്ലെന്നു വ്യക്തമായതിനെ തുടർന്ന്, അവിടെനിന്ന് തിരിച്ച്, അതേ ട്രാക്കിലൂടെ തന്നെ തിരികെപ്പോവുകയായിരുന്നുവെന്നാണ് പറയുന്നത്. സ്പീഡ് ട്രാക്കിലൂടെയാണ് ബസ് വൺവേ തെറ്റിച്ച് ഓടിയത്. എതിരെ വന്ന വാഹനങ്ങളിലുള്ളവർ പ്രതിഷേധിച്ചതോടെ സ്ലോ ട്രാക്കിലേക്ക് മാറുകയായിരുന്നു.

തുടർന്ന് കോഴിക്കോടൻസ് കിച്ചന്റെ സമീപത്തുള്ള എക്‌സിറ്റിൽ സർവിസ് റോഡിലേക്ക് പ്രവേശിച്ച് ബസ് യാത്ര തുടരുകയായിരുന്നു. അതേസമയം, ഫാസ്ടാഗിൽ മിനിമം ബാലൻസ് എപ്പോഴും ഉണ്ടാകാറുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് കെ.എസ്.ആർ.ടി.സി പരിശോധിച്ചുവരുകയാണ്. സി.സി ടി.വി ദൃശ്യങ്ങളിൽ ബസിന്റെ നിയമലംഘനം വ്യക്തമാണ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ഔപചാരിക നടപടികളിലൊതുങ്ങുകയാണ് കാര്യങ്ങൾ എന്ന പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *