
കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ശനിയാഴ്ച ഗ്രാമിന് 15 രൂപ വർധിച്ച് 7,945 രൂപയും പവന് 120 രൂപ വർധിച്ച് 63,560 രൂപയുമായി. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2886 ഡോളർ വരെ ഉയർന്ന് 2860 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ഗ്രാമിന്റെ വില ചരിത്രത്തിലാദ്യമായി എണ്ണായിരം രൂപക്ക് അടുത്ത് എത്തി നിൽക്കുകയാണ്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജി.എസ്.ടി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 69,000 രൂപ നൽകണം.
ഫെഡ് പലിശ നിരക്കുകൾ കുറക്കുമെന്ന പ്രതീക്ഷയിൽ 2886 ഡോളർ വരെ ഉയർന്ന സ്വർണ വില ലാഭമെടുപ്പിനെ തുടർന്നാണ് 2860 ലേക്ക് താഴ്ന്നത്. വരും ദിവസങ്ങളിലും ഉയർന്ന വിലയിലുള്ള ലാഭമെടുക്കൽ നടന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞേക്കും. സീസണണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും യു.എസ് സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 87.50 ആയി ഇടിഞ്ഞതും സ്വർണവിലയെ സ്വാധീനിക്കുന്നു. 24 കാരറ്റ് സ്വർണക്കട്ടി കിലോക്ക് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്.
