റെക്കോഡിനരികെ സ്വർണം; വിലയിൽ വൻ വർധന

റെക്കോഡിനരികെ സ്വർണം; വിലയിൽ വൻ വർധന

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7450 രൂപയായി വർധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവന്റെ വില 480 രൂപ വർധിച്ച് 59,600 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം സ്വർണവില ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്​പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 2,716 ഡോളറായാണ് സ്വർണവില വർധിച്ചത്. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ സ്വർണവില.

യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളും ഉയർന്നു. 1.2 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഔൺസിന് 2,750.90 ഡോളറായാണ് വർധിച്ചത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

ബോംബെ സൂചിക സെൻസെക്സിൽ 350 പോയിന്റ് നഷ്ടമുണ്ടായി. 76,650 പോയിന്റിലാണ് ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 96 പോയിന്റ് നഷ്ടമുണ്ടാക്കി. 23,215 പോയിന്റിലാണ് ദേശീയ സൂചികയിലെ വ്യാപാരം.

ബോംബെ സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസിനാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത്. 2.03 ശതമാനം നേട്ടമാണ് റിലയൻസിനുണ്ടായത്. സൺ ഫാർമ, നെസ്ലെ, എൽ&ടി എന്നി കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഐ.ടി.സി, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്.സി.എൽ ടെക്, ടി.സി.എസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികൾക്ക് നഷ്ടമുണ്ടായി.

നിഫ്റ്റിയിൽ ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര&മഹീന്ദ്ര, ട്രെന്റ്, വിപ്രോ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ്. റിലയൻസ് തന്നെയാണ് നിഫ്റ്റിയിലും നേട്ടത്തിൽ മുന്നിൽ, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്.ഡി.എഫ്.സി ലൈഫ്, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *