എ.ഐ എത്തി; ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ ഗൂഗ്ളിലെ 30,000 ജീവനക്കാർ

എ.ഐ എത്തി; ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ ഗൂഗ്ളിലെ 30,000 ജീവനക്കാർ

December 24, 2023 0 By BizNews

വാഷിങ്ടൺ: ഐ.ടി ഭീമനായ ഗൂഗ്ൾ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നേട്ടമുണ്ടായ സാഹചര്യത്തിലാണ് ഗൂഗ്ളിന്റെ നടപടി. ഇവരെ പിരിച്ചുവിടുമെന്ന് ഗൂഗ്ൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിൽ തൊഴിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. 2023ൽ 12,000ത്തോളം ജീവനക്കാരെ ഗൂഗ്ൾ പിരിചുവിട്ടിരുന്നു.

പരസ്യവിഭാഗം ചെയ്തിരുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഗൂഗ്ൾ വികസിപ്പിച്ചത്. പുതിയ ടൂൾ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർദേശിക്കും. 2021ൽ തന്നെ പെർഫോമൻസ് മാക്സെന്ന ടൂൾ ഗൂഗ്ൾ വികസിപ്പിച്ചിരുന്നു.

ഗൂഗ്ളിൽ പരസ്യം ചെയ്യാനായി പുതിയ എ.ഐ ടൂളായ പെർഫോമൻസ് മാക്സാണ് ഭൂരിപക്ഷം പരസ്യദാതാക്കളും ഉപയോഗിക്കുന്നത്. യുട്യൂബ്, സേർച്ച്, ജിമെയിൽ, മാപ്പ് തുടങ്ങിയവയിലെല്ലാം പരസ്യം നൽകൻ ഈ ടൂൾ ഉപയോഗിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ഗൂഗ്ൾ പരസ്യവിഭാഗം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചത്. എന്നാൽ, തൊഴിൽ നഷ്ടമുണ്ടാവുമെന്ന സൂചനകളൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ല.

അതേസമയം, ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനം വർധിച്ചു. 2023ൽ 1,175 കമ്പനികൾ പിരിച്ചുവിട്ടത് 2,60,509 പേരെയാണ്. 2022ൽ 1064 ടെക് കമ്പനികൾ ചേർന്ന് 1,64,969 പേരെ പിരിച്ചു വിട്ടസ്ഥാനത്താണിത്. 57.8 ശതമാനം വർധനയാണ് ടെക് കമ്പനികളിലെ പിരിച്ചുവിടലിൽ ഉണ്ടായത്.

17,000 പേരെ പിരിച്ചുവിട്ട ആമസോണാണ് പട്ടികയിൽ മുൻപന്തിയിൽ. 12,000 പേരെ പിരിച്ചുവിട്ട് ഗൂഗ്ൾ രണ്ടാം സ്ഥാനത്തുണ്ട്. മെറ്റ, മൈക്രോസോഫ്റ്റ് കമ്പനികൾ 10,000 പേരെ വീതമാണ് പിരിച്ചുവിട്ടത്.ഇന്ത്യയിൽ ബൈജൂസാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്. 3,500 പേരെയാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ബൈജൂസ് പിരിച്ചുവിട്ടത്.

ആകെ ജീവനക്കാരിൽ 12 ശതമാനത്തെ ഒഴിവാക്കി അൺഅക്കാദമി പട്ടികയിൽ രണ്ടാമതെത്തി. ഷെയർചാറ്റ്(500), സ്വിഗ്ഗി(380), ഒല(200), ഫിസിക്സ്‍വാല(120) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ടെക് കമ്പനികളിലെ പിരിച്ചുവിടൽ. 2026 വരെ ഇത്തരത്തിൽ കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ വകഭേദം കമ്പനികളുടെ അടുത്ത വർഷത്തെ റിക്രൂട്ട്മെന്റിനേയും സ്വാധീനിച്ചേക്കാം.