ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്കാരം കേരളത്തിന്
November 8, 2023തിരുവനന്തപുരം: ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ലോകമെമ്പാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയന് ഒരുക്കിയത്.
കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ സഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് വേഗത്തിലാക്കുന്നതാണ് പുതിയ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.