7ാം വയസ്സിൽ അച്ഛന്റെ ആത്മഹത്യ, ഇന്ന് മകളും; ഹൃദയം തകർന്ന് വിജയ് ആന്റണി

7ാം വയസ്സിൽ അച്ഛന്റെ ആത്മഹത്യ, ഇന്ന് മകളും; ഹൃദയം തകർന്ന് വിജയ് ആന്റണി

September 19, 2023 0 By BizNews

‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’– നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സിൽ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് ആന്റണിയുടെ മകൾ മീരയെ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. vijay-antony-daughter-suicide

ഈ അടുത്തും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലെ ആത്മഹത്യാ പ്രവണതയുടെ കാരണങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. ‘‘പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. കുട്ടികൾ സ്കൂളിൽനിന്നു വന്നു കഴിഞ്ഞാൽ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാൻ വിടണം. പിന്നെ, മുതിർന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാകും സന്തോഷം തരുന്ന കാര്യം.’’
സമൂഹമാധ്യമങ്ങള്‍ നിറയെ വിജയ് ആന്റണിയുടെ ഈ വാക്കുകളാണ് നിറയുന്നത്.

vijay-antony-wife
വിജയ് ആന്റണിയും ഭാര്യ ഫാത്തിമയും

സഹപ്രവർത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. കുടുംബം ഈ വേർപാട് എങ്ങനെ സഹിക്കുമെന്നും അതിനുള്ള ശക്തി അച്ഛനും അമ്മയ്ക്കും നൽകട്ടെ എന്നുമാണ് ഇവർ പ്രാർഥിക്കുന്നത്.

ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്‌.സംഗീതസംവിധായകനായി പേരെടുത്ത വിജയ് ആന്റണി നിർമാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എൻജിനീയർ, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്