എസ്എപിയിലും കൂട്ടപിരിച്ചുവിടല്‍; നീക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്

എസ്എപിയിലും കൂട്ടപിരിച്ചുവിടല്‍; നീക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്

Spread the News
എസ്എപിയിലും കൂട്ടപിരിച്ചുവിടല്‍; നീക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്

ബര്‍ലിന്‍: തൊഴിലാളികളെ വീണ്ടും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി ജര്‍മ്മന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ എസ്എപി. ഏകദേശം 10,000 ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ പദ്ധതി. ആകെ ജീവനക്കാരുടെ ഒമ്പത് ശതമാനം വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാണ് നീക്കം.

ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കമ്പനിയുടെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എത്ര പേരെ ഒഴിവാക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഈ കണക്കില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

എല്ലാ വിഭാഗങ്ങളോടും ചെലവ് കുറയ്ക്കാനും ജീവനക്കാരുടെ എണ്ണം പുനഃപരിശോധിക്കാനുമുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രോഡക്ട് ഡെവലപ്മെന്റ്, എന്‍ജിനീയറിങ്, സെയില്‍സ് വിഭാഗങ്ങള്‍. ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരെ പുനഃസംഘടന കൂടുതല്‍ ബാധിച്ചേക്കും.എഐ അധിഷ്ഠിത സോഫ്റ്റ്വെയര്‍ സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന രീതിയിലും വില്‍പ്പനാ സംവിധാനത്തിലും മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം.

സിഇഒ ക്രിസ്റ്റിയന്‍ ക്ലീനിന്റെ നേതൃത്വത്തില്‍ എഐക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ലക്ഷ്യമിട്ടാണ് എസ്എപിയിലെ നീക്കം. നിലവിലെ സോഫ്റ്റ്‌വെയര്‍ സേവനങ്ങളില്‍ കൂടുതല്‍ എഐ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇതാദ്യമായല്ല എസ്എപി വന്‍തോതില്‍ ജീവനക്കാരെ ഒഴിവാക്കുന്നത്. 2024ലും സമാനമായ പുനഃസംഘടനയുടെ ഭാഗമായി ഏകദേശം 10,000 തസ്തികകള്‍ ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇതിനായി ഏകദേശം മൂന്ന് ബില്യണ്‍ യൂറോ ചെലവായെന്നാണ് റിപ്പോര്‍ട്ട്.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തു. എന്നാല്‍ അന്ന് പ്രധാനമായും സ്വമേധയാ ജോലി വിടുന്നവരെയും മറ്റ് ജോലികളിലേക്ക് പുനര്‍പരിശീലനം നല്‍കുന്നവരെയുമാണ് കമ്പനി ആശ്രയിച്ചത്.

ഒഴിവാക്കിയ തസ്തികകള്‍ക്കൊപ്പം പുതിയ നിയമനങ്ങളും നടത്തിയതിനാല്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായില്ല.

1.10 ലക്ഷം ജീവനക്കാരാണ് എസ്എപിക്ക് ലോകത്തെമ്പാടുമായി ഉള്ളത്. ഇതില്‍ ഭൂരിപക്ഷവും ജര്‍മ്മനിയിലാണ്. ജര്‍മ്മനയില്‍ തുടരുന്ന ജീവനക്കാര്‍ക്ക് 2028 വരെ കമ്പനി ജോലി സംരക്ഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, പുതിയ പുനഃസംഘടനയില്‍ ഇന്ത്യയിലെ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *