ടാറ്റ സൺസ് ബോർഡ് യോഗം മാറ്റി; നിർണായക നീക്കവുമായി ഇരുപക്ഷവുംപ്രതീക്ഷിക്കുന്ന ലിസ്റ്റിങ് മൂല്യം 18 ലക്ഷം കോടി

ടാറ്റ സൺസ് ബോർഡ് യോഗം മാറ്റി; നിർണായക നീക്കവുമായി ഇരുപക്ഷവുംപ്രതീക്ഷിക്കുന്ന ലിസ്റ്റിങ് മൂല്യം 18 ലക്ഷം കോടി

Spread the News
ടാറ്റ സൺസ് ബോർഡ് യോഗം മാറ്റി; നിർണായക നീക്കവുമായി ഇരുപക്ഷവുംപ്രതീക്ഷിക്കുന്ന ലിസ്റ്റിങ് മൂല്യം 18 ലക്ഷം കോടി

മുംബൈ: ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗം മാറ്റിവെച്ചു. നവംബർ 26ന് നടക്കാനിരുന്ന യോഗത്തിന്റെ അജൻഡ ഡയറക്ടർമാർക്ക് യഥാസമയം ലഭിച്ചില്ലെന്ന് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണിത്. യോഗം ഡിസംബർ ആദ്യവാരത്തിൽ നടന്നേക്കും.

നവംബർ 20നാണ് നോയൽ ടാറ്റ ഡയറക്ടർ ബോർഡിന് ഔദ്യോഗികമായി കത്തയച്ചത്. ബോർഡ് യോഗങ്ങളുടെ അജൻഡ ഡയറക്ടർമാർക്ക് മുൻകൂട്ടി ലഭ്യമാക്കുന്നതിൽ പാലിക്കേണ്ട കാലാവധിയെക്കുറിച്ച് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനി നിയമപ്രകാരം യോഗം ചേരുന്നതിന് ഏഴ് ദിവസം മുൻപെങ്കിലും അജൻഡ ഡയറക്ടർമാർക്ക് നൽകണം. എന്നാൽ, നവംബർ 26ലെ യോഗത്തിനായുള്ള അജൻഡ ശനിയാഴ്ച വൈകുന്നേരം മാത്രമാണ് ബോർഡ് ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്തത്.

അതിനിടെ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഒരു വിഭാഗം തുടങ്ങി. 18 ലക്ഷം കോടി രൂപ മൂല്യം പ്രതീക്ഷിക്കുന്ന ലിസ്റ്റിങ് പ്ലാൻ ബോർഡ് യോഗത്തിൽ പ്രധാന വിഷയമായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അവതരിപ്പിച്ചേക്കും.

ആർ.ബി.ഐ.യുടെ നിർദേശം പാലിച്ച് ലിസ്റ്റിങ്ങുമായി മുന്നോട്ടുപോകണമെന്ന് ചന്ദ്രശേഖരൻ നിലപാടെടുക്കുമ്പോൾ, രണ്ട് കമ്പനികളെ ടാറ്റ സൺസുമായി ലയിപ്പിച്ച് പദവി മാറ്റാനും സ്വകാര്യ സ്ഥാപനമായി നിലനിർത്താനുമാണ് നോയൽ ടാറ്റയുടെ നീക്കം.

ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് ലിസ്റ്റിങ് നീക്കം നിർണായകമാണ്. കഴിഞ്ഞ ഓഗസ്റ്റിലെ വിലയിരുത്തൽ പ്രകാരം 2.3 ലക്ഷം കോടി മൂല്യമുള്ളതാണ് ഇവരുടെ ഓഹരി പങ്കാളിത്തം.

നിലവിൽ ടാറ്റ സൺസ് ഓഹരികളുടെ ഈടിൽ എടുത്ത 42,000 കോടി രൂപയുടെ കടബാധ്യത എസ്.പി. ഗ്രൂപ്പിനുണ്ട്. ഐ.പി.ഒ. പൂർത്തിയാകുന്നതോടെ ഓഹരികളുടെ വിപണിമൂല്യം സുതാര്യമാകുകയും അതിലൂടെ കടബാധ്യത തീർക്കാൻ പണം കണ്ടെത്താനാകുകയും ചെയ്യും.

ഐ.പി.ഒ. നടപടികളുടെ ഭാഗമായി ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, ജെ.പി. മോർഗൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്ഥാപനങ്ങളാകും ലിസ്റ്റിങ് നടപടികൾക്ക് നേതൃത്വംവഹിക്കുക.

2027 ജൂൺ പാദത്തിലാണ് ലിസ്റ്റിങ് നടക്കുന്നതെങ്കിൽ 2028ലെ വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാകും ഓഹരി വില നിശ്ചയിക്കുക. നിലവിൽ ലിസ്റ്റ് ചെയ്യാത്ത എയർ ഇന്ത്യ, ടാറ്റ ഡിജിറ്റൽ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ വരുമാന സാധ്യതകളും ഇതിനായി വിലയിരുത്തും.

വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ നോയൽ ടാറ്റയുടെ നീക്കം പരാജയപ്പെടാനാണ് സാധ്യത. അതോടെ ടാറ്റ സൺസിന്റെ ലിസ്റ്റിങ് രാജ്യത്തെ ഓഹരി വിപണിയിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *