ബാങ്കിൽനിന്ന് 9 ലക്ഷം രൂപ പിൻവലിച്ച് ഇറങ്ങിയ ആളെ ആക്രമിച്ച് കവർച്ച: അഞ്ചുപേർ പിടിയിൽ

മലപ്പുറത്ത് ബാങ്കിൽനിന്ന് 9 ലക്ഷം രൂപ പിൻവലിച്ച് ഇറങ്ങിയ ആളെ ആക്രമിച്ച് കവർച്ച: അഞ്ചുപേർ പിടിയിൽ

Spread the News

മലപ്പുറം: ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ കൂടി പിടിയിലായി. നാട്ടുകല്ല് കൊടക്കാട് സ്വദേശികളായ സനൂപ് (33), കാലടി അസൈനാര്‍ (33), ഭീമനാട് സ്വദേശി ചക്കാലക്കുന്നന്‍ അനസ് (39), മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശികളായ കേലാന്‍തൊടി മുഹമ്മദ് റഫീഖ് (38), തവളപ്പാറ മുഹമ്മദ് മുസമ്മില്‍ (26) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പാണ്ടിക്കാട്ടുനിന്ന് പിടികൂടിയത്.

നവംബര്‍ 16ന് രാവിലെ 11.45ഓടെയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ ജില്ല ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കൂമ്മാളി ഫിറോസിനെയാണ് സംഘം ആക്രമിച്ച് പണം കവര്‍ന്നത്. ബാങ്കിന് പുറത്ത് കാത്തുനിന്ന പ്രതികള്‍ ഫിറോസിനെ ആക്രമിച്ച് പണമടങ്ങിയ പൊതി കൈക്കലാക്കിയ ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈ.എസ്.പി കെ. റഫീക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സംഭവദിവസം രാത്രി സംഘത്തിലുണ്ടായിരുന്ന കൊടക്കാട് 55-ാം മൈല്‍ സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23) അറസ്റ്റിലായിരുന്നു. ഇതോടെ മറ്റു പ്രതികള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്.

പ്രതികള്‍ സഞ്ചരിച്ച കാര്‍ മേലാറ്റൂര്‍ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് വാഹനം തടഞ്ഞ് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *