കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും കാർ ഉടമയുമായ അഡീഷനൽ സെഷൻസ് ജഡ്ജി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും ജഡ്ജി നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന്റെ പേരിൽ ആർ.സി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഒ നൽകിയ നോട്ടിസിനുള്ള മറുപടിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
തന്റെ വാദം നിയമപരമായി നിലനിൽക്കുന്നതാണെന്ന് ബോധ്യപ്പെടുത്താൻ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട മുൻകാല നടപടിക്രമങ്ങളുടെ പകർപ്പുകളും ജഡ്ജി സമർപ്പിച്ചിട്ടുണ്ട്. വിശദീകരണവും അനുബന്ധ രേഖകളും നിയമോപദേശത്തിന് അയച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് അഡിഷനൽ ജഡ്ജിയുടെ മകനായ പ്ലസ് വൺ വിദ്യാർഥി (17) അമിതവേഗത്തിലോടിച്ച കാർ സ്കൂട്ടറിലിടിച്ച് തട്ടുകടയുടമ നോർത്ത് പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്.
അതേസമയം, ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17-കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്‌കൂളിൽ പോയിട്ടുണ്ടെന്നും 17-കാരൻ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കേസിൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. 17-കാരൻ നേരത്തേയും ബൈക്കടക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. 17-കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ അടക്കം പരിശോധന നടത്തിയതിൽ നിന്നാണ്, കുട്ടി ബൈക്കുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും വാഹനം ഓടിച്ചതിന്റെ മറ്റു തെളിവുകളും ലഭിച്ചത്.
തെളിവുകൾ മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ്, അപകടത്തിന് മുമ്പും താൻ കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്ക് ഓടിച്ച് സ്‌കൂളിൽ പോയിട്ടുണ്ടെന്നും 17-കാരൻ പൊലീസിനോട് സമ്മതിച്ചത്. അതേസമയം, വീട്ടുകാർ അറിയാതെയാണ് താൻ ഇക്കാര്യങ്ങൾ ചെയ്തത് എന്നാണ് 17-കാരൻ പറയുന്നത്. എന്നാൽ, ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. മകൻ സ്ഥിരമായി ബൈക്കും കാറുമൊക്കെ ഓടിക്കുന്നയാളാണെങ്കിൽ അത് വീട്ടുകാർ ഏതെങ്കിലും തരത്തിൽ അറിഞ്ഞിട്ടുണ്ടാകുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. പിതാവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം മുൻനിർത്തി കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും 17-കാരന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളോടുകൂടി വൈകാതെ പൊലീസ് എസ്.ബി.ആർ കോടതിയിൽ സമർപ്പിക്കും.

