പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല

പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല

Spread the News
പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല

രാജ്യത്ത് പക്ഷിപ്പനി വ്യാപന ഭീഷണിക്ക് പരിഹാരമായിരിക്കുകയാണ്. കോഴികളിലെ മാരകമായ എച്ച്5എന്‍1 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ആദ്യ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുകയാണ് രാജ്യം.

ഭോപ്പാലിലെ ഐ.സി.എ.ആര്‍ ഗവേഷണ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും പക്ഷിപ്പനി വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നേട്ടം. നവംബര്‍ 20ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വാക്‌സിന്‍ രാജ്യത്തിന് സമര്‍പ്പിക്കും.

ഈ നേട്ടം കേരളത്തിലെ കോഴിവളര്‍ത്തല്‍ മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സംസ്ഥാനത്ത് ബ്രോയിലര്‍ കോഴി ഫാമുകള്‍, ലെയര്‍ ഫാമുകള്‍, ഹാച്ചറികള്‍, കോഴി വ്യാപാരികള്‍, ഇറച്ചിക്കോഴി വിതരണ ശൃംഖല എന്നിവ ഉള്‍പ്പെടുന്ന വലിയൊരു വിപണിയുണ്ട്.

പക്ഷിപ്പനി വ്യാപനമുണ്ടായാല്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും, വിപണിയിലെ വിതരണ തടസ്സം എന്നിവ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

പക്ഷികളെ പ്രധാനമായും ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. അതിതീവ്ര വ്യാപനശേഷിയുള്ള എച്ച്5എന്‍1 പോലുള്ള വൈറസുകള്‍ പക്ഷികളില്‍ ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്നതിനാല്‍ രോഗം നേരത്തേ കണ്ടെത്തി പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 35,647 പക്ഷികള്‍ ചത്തതും പ്രതിരോധ നടപടികളുടെ ഭാഗമായി ഏകദേശം 40,000 കോഴികളെ കൊന്നൊടുക്കിയതും ഈ ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

പുതിയ വാക്‌സിന്‍ ഫലപ്രദമായി ഫാമുകളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ കോഴിവളര്‍ത്തല്‍ മേഖലയിലെ രോഗപ്രതിരോധത്തിന് വലിയ കരുത്താകും. എന്നാല്‍ വാക്‌സിന്റെ വിപണിയിലെ ലഭ്യത, വില, വിതരണം, വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇനിയും വ്യക്തമാകേണ്ടതുണ്ട്.

വാക്‌സിനേഷനൊപ്പം ഫാമുകളിലെ ശുചിത്വവും ജൈവസുരക്ഷാ മുന്‍കരുതലുകളും ശക്തമാക്കേണ്ടതും അനിവാര്യമാണ്.

ഇന്ത്യയുടെ ഈ പുതിയ വാക്‌സിന്‍ കേരളത്തിലെ കോഴിവളര്‍ത്തല്‍ മേഖലയ്ക്ക് എത്രത്തോളം ആശ്വാസമാകുമെന്നതാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *