നവംബറില്‍ ചരിത്രം കുറിക്കാനൊരുങ്ങി വിദേശ നിക്ഷേപകര്‍

നവംബറില്‍ ചരിത്രം കുറിക്കാനൊരുങ്ങി വിദേശ നിക്ഷേപകര്‍

Spread the News
നവംബറില്‍ ചരിത്രം കുറിക്കാനൊരുങ്ങി വിദേശ നിക്ഷേപകര്‍

വിദേശ നിക്ഷേപകരുടെ നാടകീയമായ തിരിച്ചുവരവ്‌, കുറയുന്ന ക്രൂഡ്‌ ഓയില്‍ വില, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എഐ) അധിഷ്‌ഠിത ഓഹരികളില്‍ നിന്നുള്ള നിക്ഷേപകരുടെ പിന്‍മാറ്റം- ഇതെല്ലാം ഒന്നിച്ചു സംഭവിച്ചപ്പോള്‍ ഓഹരി സൂചികയായ നിഫ്‌റ്റി ആറ്‌ വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനത്തിലേക്ക്‌ നീങ്ങുകയാണ്‌.

നവംബറില്‍ ഇതുവരെ ഏകദേശം 10 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്‌റ്റി ഇതിന്‌ മുമ്പ്‌ മികച്ച നേട്ടമുണ്ടാക്കിയ 2022 ജൂലൈയിലെ പ്രകടനത്തെ മറികടന്നു. 11.4 ശതമാനം ഉയര്‍ന്ന 2020 നവംബറിന്‌ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ്‌ ഈ മാസമുണ്ടായത്‌.

ഒന്‍പത്‌ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്‌ നിഫ്‌റ്റി ഇപ്പോള്‍ വ്യാപാരം നടക്കുന്നത്‌. ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന്‌ മുമ്പുണ്ടായിരുന്ന നിലവാരത്തിന്‌ മുകളിലേക്ക്‌ സൂചിക തിരിച്ചെത്തിക്കഴിഞ്ഞു. ഈ മുന്നേറ്റത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്‌ ബാങ്കിംഗ്‌ മേഖലയാണ്‌.

ഈ മാസം ഏകദേശം 14 ശതമാനം ഉയര്‍ന്ന്‌ പുതിയ റെക്കോര്‍ഡ്‌ നിലവാരത്തിലെത്തിയ നിഫ്‌റ്റി ബാങ്ക്‌ സൂചിക 2021 ഫെബ്രുവരിക്ക്‌ ശേഷമുള്ള ഏറ്റവും ശക്തമായ പ്രതിമാസ പ്രകടനത്തിലേക്കാണ്‌ നീങ്ങുന്നത്‌. ഈ മാസം ആഗോളതലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന പ്രധാന ഓഹരി വിപണി ഇന്ത്യയാണ്‌.

തായ്‌വാനും ദക്ഷിണ കൊറിയയുടെ കോസ്‌പിയും 11 ശതമാനം വീതം ഇടിയുകയും, നാസ്‌ഡാക്‌ 4 ശതമാനം താഴുകയും ഡൗ ജോണ്‍സ്‌ കാര്യമായ മാറ്റമില്ലാതെ തുടരുകയും ചെയ്യുമ്പോഴാണ്‌ ഇന്ത്യയുടെ ഈ മുന്നേറ്റം.

വിദേശ മൂലധനത്തിന്റെ തിരിച്ചുവരവാണ്‌ വിപണിയിലെ കുതിപ്പിന്‌ പിന്നിലെ ഏറ്റവും ശക്തമായ പ്രേരകശക്തി. ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം ചരിത്രത്തിലാദ്യമായി ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ കടക്കാന്‍ ഒരുങ്ങുകയാണ്‌.

ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ നടത്തിയ ഏറ്റവും ശക്തമായ വില്‍പ്പനയ്‌ക്ക്‌ ശേഷമാണ്‌ ഈ ഗതിമാറ്റം.

രണ്ട്‌്‌ വര്‍ഷം നീണ്ട കനത്ത വില്‍പ്പനയെ തുടര്‍ന്ന്‌ സെപ്‌റ്റംബറില്‍ വിദേശ ഓഹരി പങ്കാളിത്തം 12 വര്‍ഷത്തെ താഴ്‌ന്ന നിരക്കായ 17 ശതമാനത്തിലേക്ക്‌ ചുരുങ്ങിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അടുത്തിടെ 11 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം എത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *