1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ

1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ

Spread the News
1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ നാവികസേനയുടെ അടിത്തറ ശക്തമാക്കാൻ ഇന്ത്യ. 1.11 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് വൻ അന്തർവാഹിനി പദ്ധതികൾ അന്തിമ അംഗീകാരത്തിനായി സർക്കാരിന്റെ പരിഗണനയിലാണെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു.

ഡൽഹിയിൽ നടന്ന എ.എൻ.ഐ ദേശീയ സുരക്ഷാ ഉച്ചകോടി 3.0-ൽ സംസാരിക്കവെയാണ് പദ്ധതികൾക്കായുള്ള പ്രതിരോധ വകുപ്പിലെ ആഭ്യന്തര നടപടികൾ പൂർത്തിയായ വിവരവും അന്തിമ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടായേക്കാമെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയത്.

പദ്ധതികളിൽ ആദ്യത്തേത് ഏകദേശം 75,000 കോടി രൂപ ചെലവിൽ ജർമ്മൻ പ്രതിരോധ കമ്പനിയായ തിസ്സൻക്രൂപ്പ് മറൈൻ സിസ്റ്റംസുമായി സഹകരിച്ച് ആറ് അത്യാധുനിക അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്.

തദ്ദേശീയ പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി ചേർന്ന് ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ മാതൃകയിൽ നിർമ്മിക്കുന്ന ഈ അന്തർവാഹിനികൾ സാങ്കേതികവിദ്യ കൈമാറ്റത്തോടെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര പ്രതിരോധ നിർമ്മാണ ശേഷിക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

രണ്ടാമത്തെ പദ്ധതി ഫ്രഞ്ച് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മൂന്ന് അധിക സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള 36,000 കോടി രൂപയുടെ കരാറാണ്.

മാസഗോൺ ഡോക്കിലെ നിലവിലുള്ള നിർമ്മാണ ശൃംഖലയും മുൻ പരിചയവും പ്രയോജനപ്പെടുത്തുന്നതിലൂടെ പുതിയ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും, നാവികസേനയുടെ പ്രവർത്തന ക്ഷമത വേഗത്തിൽ വർധിപ്പിക്കാനും സാധിക്കുമെന്ന് കരുതപ്പെടുന്നു.

ചൈനയുടെ നാവികസേനയുടെ കടന്നുകയറ്റ ശ്രമങ്ങളും പാകിസ്താൻ ചൈനയിൽ നിന്ന് ‘ഹാങ്കോർ ക്ലാസ്’ അന്തർവാഹിനികൾ സ്വന്തമാക്കുന്നതും ഉയർത്തുന്ന പ്രതിരോധ വെല്ലുവിളികൾ നേരിടാനാണ് ഇന്ത്യയുടെ ഈ അടിയന്തര നീക്കം.

പുതിയ അന്തർവാഹിനികൾ വാങ്ങുന്നതിനൊപ്പം കൊച്ചിയിലെ സോനാർ എൻജിനീയറിങ് ആസംബ്ലി, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സെന്റർ പോലെയുള്ള തദ്ദേശീയ ഗവേഷണ-പരീക്ഷണ കേന്ദ്രങ്ങളിലൂടെ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്താനും നാവികസേന ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *