ആഗോള വ്യോമയാന ജിസിസി ഉച്ചകോടി: ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി

ആഗോള വ്യോമയാന ജിസിസി ഉച്ചകോടി: ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി

Spread the News
ആഗോള വ്യോമയാന ജിസിസി ഉച്ചകോടി: ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി

കൊച്ചി: ആഗോള രംഗത്തെ മുൻനിര വിമാനക്കമ്പനികളുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകർഷിക്കുന്നതിനായി ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന ‘കോക്പിറ്റ് 2027: ഗ്ലോബൽ ഏവിയേഷൻ ജിസിസി ലീഡർഷിപ്പ് ഉച്ചകോടി’യുടെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി.

കൊച്ചി ലെ-മെറിഡിയനില്‍ നടന്ന ചടങ്ങില്‍ വ്യവസായ-ഐടി-എഐ ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 2027 ജനുവരി 28, 29 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് ഉച്ചകോടി നടക്കുക. ഇൻഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ സന്നിഹിതനായിരുന്നു.

ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്കായി നടത്തുന്ന ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ/ഏഷ്യാ പസഫിക്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 25-ലധികം പ്രമുഖ വിമാനക്കമ്പനികളിൽ നിന്നുള്ള സിഇഒമാർ, സിഐഒമാർ, സിടിഒമാർ, സിഡിഒമാർ, ഗ്ലോബൽ ഡെലിവറി മേധാവികൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ പ്രതീക്ഷിക്കുന്നു.

വിമാനക്കമ്പനികളുടെ വരുംതലമുറ നിർമ്മിത ബുദ്ധി (എഐ), ഡാറ്റ, പ്രൊഡക്റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ ഹബ്ബുകൾ സ്ഥാപിക്കാൻ കൊച്ചി തികച്ചും അനുയോജ്യമാണെന്ന് ആഗോള തലത്തിൽ അവതരിപ്പിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

വൻകിട മെട്രോ നഗരങ്ങളിൽ നിന്ന് ഉയർന്ന വളർച്ചാസാധ്യതയുള്ള കൊച്ചി പോലുള്ള ടിയർ 2 നഗരങ്ങളിലേക്ക് കമ്പനികൾ മാറുന്ന പശ്ചാത്തലത്തിൽ, 2031-ഓടെ സംസ്ഥാനത്ത് 150 ജിസിസികൾ സ്ഥാപിക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

കൊച്ചിയുടെ മികച്ച എയര്‍ കണക്റ്റിവിറ്റിയും സിയാൽ എയറോസിറ്റി, എംആർഒ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ, എയർ ഇന്ത്യ, ഐബിഎസ് സോഫ്റ്റ്‌വെയർ, വെർട്ടെയിൽ തുടങ്ങിയ പ്രമുഖ ഏവിയേഷൻ ടെക്നോളജി കമ്പനികളുടെ സാന്നിധ്യവും കൊച്ചിയുടെ മുതല്‍ക്കൂട്ടാണ്.

വിമാനക്കമ്പനികൾക്ക് വരുമാനം വർധിപ്പിക്കുന്ന തന്ത്രപ്രധാന സാങ്കേതിക കേന്ദ്രങ്ങളായി ജിസിസികളെ മാറ്റുകയെന്നതിനോടൊപ്പം ഫ്ലൈറ്റ് ഓപ്പറേഷൻസ്, മെയിന്റനൻസ്, പേഴ്സണലൈസ്ഡ് റീട്ടെയിലിങ്, കണക്റ്റഡ് ക്യാബിനുകൾ എന്നിവയിലെ എഐ വിനിയോഗം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും.

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പങ്കാളിത്തത്തോടും പിന്തുണയോടും കൂടിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയിൽ ചർച്ചകൾക്ക് പുറമെ കേരളത്തിന്റെ തനത് പ്രകൃതിഭംഗി ആസ്വദിക്കാൻ ഹൗസ്ബോട്ട് നെറ്റ്‌വർക്കിങ് യാത്രകളും സാംസ്കാരിക വിരുന്നുകളും അതിഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *