വയനാടൻ കാപ്പിക്ക് പുത്തൻ ഉണർവ്; എൽ നിനോ മറികടക്കാൻ 2500 കോടിയുടെ ബൃഹത് പദ്ധതി

വയനാടൻ കാപ്പിക്ക് പുത്തൻ ഉണർവ്; എൽ നിനോ മറികടക്കാൻ 2500 കോടിയുടെ ബൃഹത് പദ്ധതി

Spread the News
വയനാടൻ കാപ്പിക്ക് പുത്തൻ ഉണർവ്; എൽ നിനോ മറികടക്കാൻ 2500 കോടിയുടെ ബൃഹത് പദ്ധതി

വയനാട്: എൽ നിനോ പ്രതിഭാസം വരുത്തിവെച്ച കടുത്ത വരൾച്ചയിൽ പ്രതിസന്ധിയിലായ വയനാട്ടിലെ കാപ്പി കർഷകർക്ക് ഇനി പ്രതീക്ഷയുടെ വസന്തകാലം. തകർച്ച നേരിടുന്ന കാപ്പി കൃഷി മേഖലയെ അത്യാധുനിക തലത്തിലേക്ക് ഉയർത്തുന്നതിനായി 2500 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ കോഫി ബോർഡ് തയ്യാറാക്കി കഴിഞ്ഞു.

അടുത്ത 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതി, വയനാടിൻ്റെ കർഷക മേഖലയ്ക്ക് പുതിയൊരു ഊർജവും ഉണർവും സമ്മാനിക്കുമെന്നുറപ്പാണ്.

പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഉൽപ്പാദനക്ഷമത വളരെ കുറഞ്ഞതുമായ കാപ്പി ചെടികൾ പിഴുതുമാറ്റി, ഉയർന്ന വിളവ് തരുന്ന പുതിയ ഇനങ്ങൾ നട്ടുപിടിപ്പിക്കും. പഴയ ചെടികൾ മാറ്റി പുതിയവ നടുമ്പോൾ കർഷകർക്ക് നേരിടേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ പദ്ധതിയിലൂടെ സഹായം ലഭിക്കും.

കർഷകരുടെ കൈകളിലേക്ക് നേരിട്ട് പ്രയോജനം എത്തുന്ന രീതിയിലുള്ള നിരവധി സബ്സിഡികളും പ്രത്യേക പാക്കേജുകളും മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ജലസേചന മാർഗങ്ങളും കർഷകർക്ക് പരിചയപ്പെടുത്തും.

ഒക്ടോബർ 1 അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിൻ്റെ ഭാഗമായി വയനാട്ടിൽ വിപുലമായ പരിപാടികൾ നടത്തുന്നുണ്ട്. സെപ്റ്റംബർ 29ന് മാനന്തവാടിയിലും 30ന് സുൽത്താൻബത്തേരിയിലും ഒക്ടോബർ ഒന്നിന് കൽപ്പറ്റയിലും ആണ് പരിപാടികൾ നടക്കുക. ഇതിനോട് അനുബന്ധിച്ച് അടുത്ത പത്ത് വർഷത്തേക്കുള്ള പദ്ധതികൾ ചർച്ച ചെയ്ത തീരുമാനിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖിൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൃഷി വകുപ്പ്, കേര പദ്ധതി, കോഫി കോഡ് എന്നിവയിലെ ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *