നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

Spread the News
നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

ന്യൂഡൽഹി: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച തുടര്‍ന്നെങ്കിലും അതിന്റെ വേഗം ഗണ്യമായി കുറഞ്ഞതായി എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) സര്‍വേ വ്യക്തമാക്കുന്നു. ജൂലൈയിലെ 53.5ല്‍ നിന്ന് ഓഗസ്റ്റില്‍ സൂചിക 52.8 ആയി താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് പിഎംഐ ഇടിവ് രേഖപ്പെടുത്തുന്നത്. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വികസനത്തിലാണെങ്കിലും വളര്‍ച്ചയുടെ കരുത്ത് ക്ഷയിച്ചെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന.  
പുതിയ ഓര്‍ഡറുകളുടെയും ഉല്‍പ്പാദനത്തിന്റെയും വളര്‍ച്ച അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലേക്കാണ് എത്തിയത്. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യം, ചില ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ ആവശ്യകത, ഉപഭോക്താക്കളുടെ മിതമായ  ചെലവഴിക്കൽ എന്നിവയാണ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍. സര്‍വേയില്‍ ഉള്‍പ്പെട്ട മൂന്ന് വ്യവസായ വിഭാഗങ്ങളില്‍ ഉപഭോക്തൃവസ്തു മേഖല ഒഴികെ മറ്റെല്ലായിടത്തും ഡിമാന്‍ഡ് ദുര്‍ബലമായി. ഓസ്ട്രേലിയ, ജര്‍മനി, ചൈന, സ്‌പെയിന്‍, തായ്ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും, അന്താരാഷ്ട്ര ആവശ്യകതയുടെ വളര്‍ച്ചയും ജൂലൈയേക്കാള്‍ മന്ദഗതിയിലായി.
വില്‍പ്പന സമ്മര്‍ദം തൊഴില്‍ നിയമനത്തെയും അസംസ്‌കൃത വസ്തു വാങ്ങലിനെയും ബാധിച്ചു. രണ്ടര വര്‍ഷത്തിനിടെ ആദ്യമായി നിര്‍മാണ മേഖലയിലെ തൊഴില്‍ കുറഞ്ഞു. ആവശ്യകത കുറഞ്ഞതും പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ച പരിമിതമായതുമാണ് കമ്പനികളെ നിയമനത്തില്‍ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വില്‍പ്പന കാരണം പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ന്നു.

സ്റ്റീലിന് വില വർധന
അതേസമയം, ചെലവുസമ്മര്‍ദം കുറയുന്നത് നിര്‍മാതാക്കള്‍ക്ക് ആശ്വാസമായി. സ്റ്റീല്‍, ഗതാഗതം തുടങ്ങിയ ചില മേഖലകളില്‍ വിലവര്‍ധന റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവ് പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതിന്റെ ഫലമായി കമ്പനികള്‍ വില്‍പ്പനവില വര്‍ധന നിയന്ത്രിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 7 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് നിരക്കുകള്‍ കൂട്ടിയത്. പ്രതിസന്ധികള്‍ക്കിടയിലും അടുത്ത 12 മാസത്തില്‍ ഉല്‍പ്പാദനം ഉയരുമെന്ന പ്രതീക്ഷയില്‍ വ്യവസായ മേഖലയിലെ പ്രതീക്ഷ മെച്ചപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *