പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ

പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ

Spread the News
പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ

ന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ വ്യവസായങ്ങൾക്ക് കൈമാറാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമതി നൽകി.

രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങൾ നിർമിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഇതോടെ അവസരം ലഭിക്കും. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് കേന്ദ്രം ഇതിനെ കാണുന്നത്.

സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതോടെ ഡിആർഡിഒ വികസിപ്പിച്ച മിസൈൽ സംവിധാനങ്ങളെ ഗവേഷണ-വികസന ഘട്ടത്തിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണത്തിലേക്ക് വേഗത്തിൽ എത്തിക്കാനാകും.

യോഗ്യത, ആവശ്യമായ സർട്ടിഫിക്കേഷൻ, മറ്റ് നിയന്ത്രണ വ്യവസ്ഥകൾ എന്നിവ പാലിക്കുന്ന ഇന്ത്യൻ കമ്പനികൾക്കായിരിക്കും നിർമാണത്തിനുള്ള അവസരം. ഡിആർഡിഒ തന്നെ വ്യവസായങ്ങളുമായി ചേർന്ന് സാങ്കേതികവിദ്യ കൈമാറ്റവും അതിന്റെ സ്വാംശീകരണവും സുഗമമാക്കും.

രാജ്യത്തെ പ്രതിരോധ വ്യവസായ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുക, ആഭ്യന്തര നിർമാണശേഷി വർധിപ്പിക്കുക, വിദേശ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നിവയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പ്രത്യേകിച്ച് ഇന്ത്യൻ സ്വകാര്യ കമ്പനികൾക്കും മറ്റ് ആഭ്യന്തര വ്യവസായ സ്ഥാപനങ്ങൾക്കും മിസൈൽ നിർമാണ മേഖലയിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്ന തരത്തിലാണ് പുതിയ തീരുമാനം.

ഇത് ഡിആർഡിഒയുടെ ഗവേഷണ ശേഷിയും ഇന്ത്യൻ വ്യവസായത്തിന്റെ നിർമാണ ശേഷിയും കൂടുതൽ ഫലപ്രദമായി കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

നേരത്തെ തന്നെ ഭാവിയിലെ തന്ത്രപ്രധാന ആയുധങ്ങളുടെ വികസനത്തിലും നിർമാണത്തിലും സ്വകാര്യ കമ്പനികളെ പങ്കാളികളാക്കാനുള്ള നീക്കങ്ങൾ ഡിആർഡിഒ ആരംഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഈ പങ്കാളിത്തം കൂടുതൽ വിപുലമാകുമെന്നാണ് പ്രതീക്ഷ.

സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പ്രതിരോധ നയത്തിന് പുതിയ ഉണർവ് നൽകുന്നതാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മിസൈൽ സാങ്കേതികവിദ്യ രാജ്യത്തിനകത്ത് തന്നെ ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര വിതരണശൃംഖല ശക്തിപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ വിദേശ വിതരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *