ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

Spread the News
ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ 23,544 കോടി രൂപ നിക്ഷേപിച്ചു.

മെച്ചപ്പെട്ട ത്രൈമാസ ഫലങ്ങള്‍, രൂപയുടെ സ്ഥിരത, വിപണിയിലെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയാണ് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. ജൂലൈയില്‍ 20,200 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റിലെ ഈ ശക്തമായ ഒഴുക്ക്.

തുടര്‍ച്ചയായി നാല് മാസത്തോളം നടന്ന കനത്ത വിറ്റൊഴിക്കലിന് ശേഷമാണ് എഫ്പിഐകളുടെ ഈ വാങ്ങല്‍ നീക്കം ശ്രദ്ധേയമാകുന്നത്. ജൂണില്‍ 49,340 കോടിയും, മേയില്‍ 32,963 കോടിയും, ഏപ്രിലില്‍ 60,847 കോടിയും, മാര്‍ച്ചില്‍ 1.17 ട്രില്യണും അവര്‍ ഇന്ത്യന്‍ ഓഹരികളില്‍നിന്ന് പിന്‍വലിച്ചിരുന്നു.

ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ 22,615 കോടി നിക്ഷേപിച്ചതായി സിഡിഎസ്എല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും, 2026-ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ അറ്റവില്‍പ്പനക്കാരായി തുടരുകയാണ്. ഏകദേശം 2.3 ട്രില്യണ്‍ രൂപയുടെ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം പാദ ഫലങ്ങളില്‍ പ്രതിഫലിച്ച വരുമാന വളര്‍ച്ചയുടെ പുനരുജ്ജീവനം, ‘ചിപ്പ് ട്രേഡ്’ മേഖലയിലെ പിന്മാറ്റം, രൂപയുടെ സ്ഥിരത, വിശാല വിപണിയിലെ കമ്പനികളുടെ വളര്‍ച്ചാ സാധ്യത എന്നിവയാണ് എഫ്പിഐകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി. കെ. വിജയകുമാര്‍ പറഞ്ഞു.

വലിയ ബാങ്കിങ്, ഐടി ഓഹരികളേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണയമുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട മിഡ്-ക്യാപ് ഓഹരികളിലാണ് വിദേശ നിക്ഷേപകര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയിലെ ചലനങ്ങളും യുഎസ്ഇറാന്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തിലെ പുതിയ സംഭവവികാസങ്ങളും ഇന്ത്യന്‍ വിപണിയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് ബജാജ് ബ്രോക്കിങ്ങിലെ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പബിത്രോ മുഖര്‍ജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *