പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻ

പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻ

Spread the News
പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻ

യുവതലമുറയെയും പ്രത്യേകിച്ച് ജെൻ സി വിഭാഗത്തെയും ആകർഷിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ആധുനികവും യുവസൗഹൃദവുമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

സ്വകാര്യ ബാങ്കുകളാണ് യുവാക്കൾക്ക് കൂടുതൽ ‘കൂൾ’ ആയി തോന്നുന്നതെന്ന ധാരണ തിരുത്താൻ പൊതുമേഖലാ ബാങ്കുകൾ തയ്യാറാകണമെന്ന് ഡൽഹിയിൽ നടന്ന പി.എസ്.ബി കോൺഫ്ലുവൻസ് 2026-ന്റെ സമാപന സമ്മേളനത്തിൽ അവർ നിർദേശിച്ചു.

16 വയസും അതിൽ കൂടുതലുമുള്ളവരെ ലക്ഷ്യമിട്ട് ഒക്ടോബർ 2 മുതൽ ഒരു മാസം നീളുന്ന ‘Banking for Youth’ ക്യാമ്പയിൻ ആരംഭിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്ന് മന്ത്രി നിർദേശിച്ചു. അക്കൗണ്ട് തുറക്കുന്നതിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥിജീവിതം മുതൽ ജോലി, സംരംഭകത്വം, നിക്ഷേപം വരെയുള്ള ഘട്ടങ്ങളിലേക്ക് നീളുന്ന ദീർഘകാല ബന്ധമാണ് ബാങ്കുകൾ ലക്ഷ്യമിടേണ്ടത്.

ഈ ക്യാമ്പയിൻ ബാങ്ക് ശാഖകളിൽ ഒതുക്കാതെ കോളേജുകൾ, സർവകലാശാലകൾ, സ്കിൽ ഡെവലപ്മെന്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കണം. ഫിറ്റ്നസ്, യോഗ, മെന്റൽ വെൽനെസ് തുടങ്ങിയ ലൈഫ്‌സ്റ്റൈൽ ആനുകൂല്യങ്ങളും പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് സൗജന്യ ഓൺലൈൻ കോഴ്സുകളും നൽകുന്നത് യുവാക്കളെ ആകർഷിക്കാൻ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബാങ്ക് ശാഖകളിൽ യുവാക്കൾക്കായി പ്രത്യേക ‘യുവ കിഓസ്ക്’, ‘യുവ ബാങ്കിങ് മിത്ര’ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്. ക്രെഡിറ്റ് സ്കോർ, ബാങ്ക് വായ്പകൾ, സംരംഭകത്വത്തിനുള്ള ധനസഹായം എന്നിവയെക്കുറിച്ച് യുവാക്കൾക്ക് കൃത്യമായ ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.

സ്മാർട്ട്ഫോൺ തലമുറയുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാങ്കിങ് സേവനങ്ങൾ ലളിതവും 24 മണിക്കൂറും ലഭ്യമാകുന്നതുമായിരിക്കണം. ഒപ്പം സുരക്ഷയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ആദ്യ അക്കൗണ്ട് മുതൽ ആദ്യ നിക്ഷേപം വരെയുള്ള സാമ്പത്തിക യാത്രയിൽ പൊതുമേഖലാ ബാങ്കുകൾ യുവാക്കളുടെ വിശ്വസ്ത പങ്കാളിയായി മാറണം.

ഇന്ത്യയിലെ യുവജനങ്ങളുടെ സമ്പാദ്യവും നിക്ഷേപവും രാജ്യത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് ധനമന്ത്രി വിലയിരുത്തി. ഇതിനായി ‘ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ’ യുവാക്കൾക്കായി പ്രത്യേക വെബ് പോർട്ടലോ മൊബൈൽ പ്ലാറ്റ്‌ഫോമോ ഒരുക്കുന്നത് പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *