ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

Spread the News
ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ പ്രീമിയവും മുതലെടുക്കാന്‍ വ്യാപാരികള്‍ രംഗത്തിറങ്ങിയതോടെയാണിത്.

തടസങ്ങള്‍ നീക്കി ബാങ്കുകളും പ്രമുഖ വ്യാപാരികളും വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കിത്തുടങ്ങിയിട്ടുണ്ട്.

6 മാസത്തിന് ശേഷം വന്‍ ഇറക്കുമതി
കഴിഞ്ഞ ആറ് മാസമായി വെള്ളി ഇറക്കുമതി പൂര്‍ണമായി നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇളവുകള്‍ ലഭിച്ചതോടെ, ഓഗസ്റ്റില്‍ മാത്രം 89.81 ടണ്‍ വെള്ളിയാണ് ഇന്ത്യയിലെത്തിയത്.

ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയിലുള്ള ഇന്ത്യ ഇന്റര്‍നാഷണല്‍ ബുളിയന്‍ എക്‌സ്‌ചേഞ്ച് വഴിയാണ് ഈ വെള്ളി എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആവശ്യമായ വെള്ളിക്കായി രാജ്യം പൂര്‍ണമായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര വിപണിയില്‍ വെള്ളിക്കുള്ള ഉയര്‍ന്ന വിലയാണ് വിദേശത്ത് നിന്ന് കൂടുതല്‍ വെള്ളി ഇന്ത്യയിലെത്തിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.

400 ടണ്ണിന്റെ ലൈസന്‍സുകള്‍ക്ക് അനുമതി
ജൂലൈ മാസത്തെ അപേക്ഷിച്ച് വിപണിയില്‍ വെള്ളിയുടെ ലഭ്യത മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെറ്റല്‍സ് ഫോക്കസ് ലിമിറ്റഡ് അറിയിച്ചു. ഏകദേശം 400 ടണ്‍ വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് കരുതപ്പെടുന്നത്.

വെള്ളി വിതരണം ഉയര്‍ന്നതോടെ പ്രാദേശിക വിപണിയിലെയും ആഗോള വിപണിയിലെയും വില വ്യത്യാസം കുറഞ്ഞിട്ടുണ്ട്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയത്. ഇതോടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു.

നിലവില്‍ ലൈസന്‍സ് ലഭിച്ചെങ്കിലും ആവശ്യമായ രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കാന്‍ കഴിയാത്തത് ഇറക്കുമതി പൂര്‍ണ തോതിലാകുന്നതിന് തടസമാകുന്നുണ്ട്. പുതിയ നിബന്ധനകള്‍ അനുസരിച്ച്, വെള്ളി ഉത്പാദിപ്പിച്ച രാജ്യം ഏതാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഓരോ ഷിപ്മെന്റിനൊപ്പവും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വാങ്ങി നല്‍കണം.

രേഖകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ കസ്റ്റംസില്‍ വെള്ളി കെട്ടിക്കിടക്കുകയാണ്. അതിനാല്‍ വേഗത്തില്‍ രേഖകള്‍ നല്‍കുന്ന രാജ്യങ്ങളില്‍ നിന്ന് വെള്ളി വാങ്ങാനാണ് വ്യാപാരികള്‍ ഇപ്പോള്‍ താല്പര്യം കാണിക്കുന്നത്.

ഉത്സവ സീസണില്‍ ഡിമാന്‍ഡ് ഉയരും
വരാനിരിക്കുന്ന ഉത്സവ- വിവാഹ സീസണുകള്‍ മുന്നില്‍ കണ്ട് ആഭരണ വ്യാപാരികള്‍ വെള്ളി ശേഖരം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അനുമതി ലഭിച്ചാലും ഷിപ്പിംഗ്, കസ്റ്റംസ് ക്ലിയറന്‍സ്, റിഫൈനിംഗ് എന്നിവയ്ക്കായി ആഴ്ചകള്‍ വീണ്ടും വേണ്ടിവരും.

അതിനാല്‍ വിപണിയില്‍ പൂര്‍ണ തോതില്‍ വെള്ളി എത്തുന്നതിനേക്കാള്‍ നിലവിലുള്ള സ്റ്റോക്കും ചെറിയ തോതിലുള്ള വിതരണവുമാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *