ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

Spread the News
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചന്ദ്രശേഖരനെ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ് സ്ഥാനമൊഴിയലിന് പിന്നിൽ.

മഹാരാഷ്ട്രയിലെ ചാരിറ്റി കമ്മീഷണർ രത്തൻ ടാറ്റാ ട്രസ്റ്റിനെ തീരുമാനമെടുക്കുന്നതിൽനിന്ന് വിലക്കിയതോടെ എജിഎം ചേരുന്ന കാര്യത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. രാജിവെച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എന്നീ ഓഹരികൾ നാല് ശതമാനം ഇടിവ് നേരിട്ടു.

തുടരുന്ന അനിശ്ചിതത്വം
എജിഎം ഒഴിവാക്കൽ: ഓഗസ്റ്റ് 18-ലെ എജിഎമ്മിൽ തന്റെ പുനർ നിയമനം തർക്കവിഷയമാകാൻ സാധ്യതയുള്ളതിനാൽ, അതിന് കാത്തുനിൽക്കാതെ പടിയിറങ്ങുകയായിരുന്നു.

പുനർ നിയമനം: ചെയർമാൻ എന്ന നിലയിൽ ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരി വരെ ഉണ്ടെങ്കിലും ടാറ്റാ സൺസ് ബോർഡിൽ ഡയറക്ടറായി തുടരണമെങ്കിൽ ഈ എജിഎമ്മിൽ ഓഹരി ഉടമകളുടെ അംഗീകാരം ആവശ്യമാണ്.

നോയൽ ടാറ്റയുടെ എതിർപ്പ്: ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ചന്ദ്രശേഖരൻ തുടരുന്നതിൽ താത്പര്യമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ ബിസിനസുകളുടെ പ്രകടനത്തിൽ നോയൽ ടാറ്റ തൃപ്തനല്ല എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നിയമപരമായ വെല്ലുവിളികൾ

വാർഷിക പൊതുയോഗം നടത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്:

മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ സർ രത്തൻ ടാറ്റാ ട്രസ്റ്റിനെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ടാറ്റാ സൺസിലെ പ്രധാന ഓഹരി പങ്കാളിത്തമുള്ള ട്രസ്റ്റുകളിൽ ഒന്നാണിത്.

ടാറ്റാ സൺസിന്റെ ‘അസോസിയേഷൻ ഓഫ് ആർട്ടിക്കിൾസ്’ പ്രകാരം സർ രത്തൻ ടാറ്റാ ട്രസ്റ്റും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സംയുക്തമായി നാമനിർദേശം ചെയ്യുന്ന ട്രസ്റ്റികൾക്ക് മാത്രമേ എജിഎമ്മിൽ വോട്ട് ചെയ്യാൻ അധികാരമുള്ളൂ. വിലക്ക് നിലനിൽക്കുന്നതിനാൽ ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.

നോയൽ ടാറ്റ, ഡാരിയസ് ഖംബട്ട തുടങ്ങിയ ട്രസ്റ്റികൾ എജിഎമ്മിൽ പങ്കെടുക്കാൻ അനുമതി തേടി ചാരിറ്റി കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സിംഗ്, വേണു ശ്രീനിവാസൻ തുടങ്ങിയവർ ഇതിൽ ഒപ്പിട്ടിട്ടില്ല എന്നത് ട്രസ്റ്റുകൾക്കിടയിലെ ഭിന്നത വ്യക്തമാക്കുന്നു.

ആഭ്യന്തര തർക്കങ്ങൾ
ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളുടെ പ്രവർത്തനക്ഷമതയിൽ നോയൽ ടാറ്റ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ചന്ദ്രശേഖരന് രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് കാലാവധി മാത്രം നൽകാനായിരുന്നു നോയൽ ടാറ്റയുടെ താത്പര്യം. ഇത് ഗ്രൂപ്പിലെ 65 വയസ്സ് എന്ന വിരമിക്കൽ പ്രായപരിധി അനുസരിച്ചാണ്.

ട്രസ്റ്റികൾക്കിടയിലുള്ള പടലപ്പിണക്കങ്ങൾ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. വോട്ടിംഗ് അവകാശങ്ങൾ ഒരു ആയുധമായി ഉപയോഗിക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

എൻ. ചന്ദ്രശേഖരന്റെ പിന്മാറ്റം ടാറ്റ സൺസിൽ പെട്ടെന്നൊരു നേതൃമാറ്റത്തിന് വഴിവെച്ചേക്കാം. ആഗസ്റ്റ് 18-ലെ എജിഎം നടക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഈ ബിസിനസ് ഗ്രൂപ്പിന്റെ ഭാവി. ചാരിറ്റി കമ്മീഷണറുടെ തീരുമാനവും നോയൽ ടാറ്റയുടെ നിലപാടുകളും വരും ദിവസങ്ങളിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *