തൃശൂർ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) വഴി 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ‘ഷീ സ്കൂട്ടർ’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി പരമാവധി ഒരുലക്ഷം രൂപ വരെ സാഫിൽ നിന്ന് ഗ്രാന്റായി ലഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സാഫിന്റെ ജില്ല ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കുക. അപേക്ഷാ ഫോമും മാർഗനിർദ്ദേശവും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്- www.safkerala.org . ഫോൺ: 8921526393.
അതിനിടെ, ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നൽകി വന്നിരുന്ന സബ്സിഡി കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. 2026 ജൂലൈ 31 അർധരാത്രിയോടെയാണ് പദ്ധതി അവസാനിച്ചത്. പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയാണ് സർക്കാർ അവസാനിപ്പിച്ചത്. ഇതോടെ സബ്‌സിഡി കാലാവധിക്ക് മുമ്പ് വാഹനം ബുക്ക് ചെയ്യാത്തവർ ഇനി വലിയ തുക അധികം നൽകേണ്ടി വരും.
രാജ്യത്തുടനീളം പതിനായിരക്കണക്കിന് ആളുകൾ ഈ പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സബ്‌സിഡി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ബുക്കിങ്ങാണ് നടന്നതെന്ന് ഡീലർമാർ വ്യക്തമാക്കി. ജനപ്രിയ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ ഓല ഇലക്ട്രിക്, ഏഥർ എനർജി, ടി.വി.എസ് തുടങ്ങിയ സ്കൂട്ടറുകളുടെ വിലയിൽ പത്ത് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. മിക്ക എൻട്രി ലെവൽ മോഡലുകൾക്കും വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ബുക്കിങ് ചെയ്യുന്ന ഉപഭോക്താക്കളെ കമ്പനികൾ നേരിട്ട് ഈ വിവരങ്ങൾ അറിയിക്കുന്നുണ്ട്.
കേന്ദ്ര സബ്‌സിഡി പോയെങ്കിലും സംസ്ഥാനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ഇപ്പോഴും ആശ്വാസമാണ്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് റോഡ് ടാക്സിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഹരിയാനയിലെ എൻസിആർ മേഖലയിലും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ആകർഷകമായ നികുതി ഇളവുകൾ തുടരുന്നുണ്ട്. കേന്ദ്ര സബ്‌സിഡി നിർത്തലാക്കിയതിലൂടെയുണ്ടായ വിലക്കയറ്റം ഒരു പരിധിവരെ കുറക്കാൻ സംസ്ഥാനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ സഹായിക്കും.

