യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ്

യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ്

Spread the News
യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ്

യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷവും റഷ്യന്‍ കയറ്റുമതി നിയന്ത്രണവും മൂലം ആഗോള തലത്തില്‍ ഡീസല്‍ വിതരണത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം കുറയ്ക്കാനാണ് റിലയന്‍സിന്റെ നടപടി. യൂറോപ്പിലെ ഡീസല്‍ ലാഭവിഹിതം ബാരലിന് 74 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് പിന്നാലെയാണ് കയറ്റുമതി വര്‍ധിച്ചത്. യൂറോപ്പിലെ ഇന്ധന ശേഖരം 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുകയും, മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യൂറോപ്പ് ഇന്ധന വിതരണത്തെ ബാധിക്കുകയും ചെയ്തിരുന്നു.

കെപ്ലര്‍, വോര്‍ടെക്‌സ എന്നിവയുടെ കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം, ഈ മാസം റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ നിന്ന് യൂറോപ്പിലേക്ക് ഏകദേശം 40 ലക്ഷം മുതല്‍ 50 ലക്ഷം ബാരല്‍ വരെ ഡീസല്‍ കയറ്റി അയച്ചു. അമേരിക്ക-ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് കയറ്റുമതി തിരിച്ചെത്തിയതായും, കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ റഷ്യയിലെ ചില റിഫൈനറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റഷ്യ ജൂലൈ മാസത്തിലെ ഭൂരിഭാഗവും ഡീസല്‍ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കാന്‍ കാരണമായി. ഓഗസ്റ്റിലും ഈ വിലക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യ, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ധന കയറ്റുമതി വര്‍ധിപ്പിച്ചുവരികയാണ്. സൂയസ് കനാലിന്റെ കിഴക്കും പടിഞ്ഞാറുമുള്ള വിപണികളിലേക്ക് ഇന്ധനം എത്തിക്കുന്ന പ്രധാന വിതരണക്കാരനെന്ന നില ഇന്ത്യയുടെ പങ്ക് ശക്തിപ്പെട്ടിട്ടുണ്ട്.

എനര്‍ജി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എനര്‍ജി ആസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, മൂന്നാം പാദത്തില്‍ യൂറോപ്പിന് പ്രതിദിനം 8.33 ലക്ഷം ബാരല്‍ ഡീസലും ജെറ്റ് ഇന്ധനവും ഉള്‍പ്പെടുന്ന മിഡില്‍ ഡിസ്റ്റിലേറ്റുകളുടെ കുറവ് നേരിടേണ്ടി വരും. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വില വ്യത്യാസവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളില്‍ ഈ വ്യത്യാസം ടണ്ണിന് ഏകദേശം 140 ഡോളര്‍ വരെ ഉയര്‍ന്നതായി എല്‍എസ്ജി ഡാറ്റ വ്യക്തമാക്കുന്നു. ജൂലൈയിലെ ആദ്യ നാല് ആഴ്ചകളില്‍ ഇത് 80 ഡോളറായിരുന്നു.

ഓഗസ്റ്റിലെ യൂറോപ്പ് കയറ്റുമതി അനിശ്ചിതം
ഓഗസ്റ്റിലും ഈ കയറ്റുമതി തുടരുമെങ്കില്‍, യൂറോപ്പ് ഏഷ്യന്‍ വിപണികളുമായി മത്സരിച്ച് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് യൂറോപ്പിലേക്ക് ഡീസല്‍ കൊണ്ടുപോകുന്നതിനുള്ള കപ്പല്‍ ചെലവ് ഏകദേശം 50 ലക്ഷം ഡോളറിലധികം വരും. LR2 ടാങ്കറുകള്‍ ഉപയോഗിച്ച് 90,000 മെട്രിക് ടണ്‍ (ഏകദേശം 7.5 ലക്ഷം ബാരല്‍) വരെ ഇന്ധനം കൊണ്ടുപോകാന്‍ സാധിക്കും.

അതേസമയം, ഏഷ്യയിലെ ഡീസല്‍ മാര്‍ജിനുകളും നാല് മാസത്തെ ഉയര്‍ന്ന നിലയായ ബാരലിന് 77 ഡോളര്‍ വരെ ശക്തിപ്പെട്ടിട്ടുണ്ട്. ബ്രസീലിലേക്കുള്ള ഇന്ത്യയുടെ ഡീസല്‍ കയറ്റുമതിയും 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിലയന്‍സിന്റെ ജാംനഗര്‍, വാദിനാര്‍ റിഫൈനറികളില്‍ നിന്നുള്ള കയറ്റുമതിയിലൂടെ ഏകദേശം 28 ലക്ഷം ബാരല്‍ ബ്രസീലിലെത്തുമെന്നാണ് കെപ്ലര്‍ നല്‍കുന്ന വിവരം.

അതേസമയം, ജൂലൈയില്‍ ബ്രസീലിലേക്കുള്ള റഷ്യന്‍ ഡീസല്‍ കയറ്റുമതി ഏകദേശം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *