കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിലെ സംശയം നീങ്ങുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിലെ സംശയം നീങ്ങുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്

Spread the News

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അവിടെയുള്ളത് സാധാരണ രീതിയിൽ സംസ്കാരം നടത്തിയ മൃതദേഹങ്ങൾ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. 2019-ൽ ശ്മശാനം നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകൾ മാറിപ്പോയതാണ് പ്രദേശത്ത് ആശയക്കുഴപ്പം ഉണ്ടാകാൻ കാരണമായത്.

കഴിഞ്ഞ 13-ാം തീയതിയാണ് വാണിയപ്പാറ പള്ളിയിൽ പുതിയൊരു സംസ്കാര ചടങ്ങിനായി കല്ലറ തുറന്നത്. അപ്പോൾ പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തോടൊപ്പം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരം രീതിയിലുള്ള അടക്കം ചെയ്യലുകൾ ഉണ്ടാകാത്തതിനാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സംഭവം വിവാദമായി. സംശയം തോന്നിയ ഉടൻ തന്നെ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തി കല്ലറ സീൽ ചെയ്യുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പറുകളിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. മുൻപ് 23-ാം നമ്പറായിരുന്ന കല്ലറ നവീകരണത്തിന് ശേഷം 38 ആയി മാറിയിരുന്നു. അതുപോലെ പഴയ 38-ാം നമ്പർ കല്ലറ 58 ആയും മാറി. ഈ മാറ്റം കാരണം പള്ളിയുടെ ഔദ്യോഗിക രജിസ്റ്റർ പരിശോധിച്ചപ്പോൾ പായയിൽ കെട്ടിയ നിലയിലുള്ള മൃതദേഹം 38-ാം നമ്പറിൽ സംസ്കരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പൊലീസും പള്ളി അധികൃതരും വീണ്ടും നടത്തിയ പരിശോധനയിലാണ് ഈ സംശയം നീങ്ങിയത്.

ഈ കല്ലറയിൽ 2006-ലും 2015-ലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. ഇതിൽ 2015-ൽ സംസ്കരിച്ച മൃതദേഹമാകാം ഇപ്പോൾ കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് അസ്വഭാവിക സാഹചര്യത്തിൽ മരണപ്പെട്ടയാളുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള മൃതദേഹം പായയിൽ പൊതിഞ്ഞാണ് സംസ്കരിച്ചിരുന്നത്. ഈ സംസ്കാര ചടങ്ങിന്റെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചു. കരിക്കോട്ടക്കരി പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 2015-ൽ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ബന്ധുക്കളും ഈ കല്ലറയിൽ സംസ്കാരം നടത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കല്ലറ തുറന്ന് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *