ശബരിമല: പത്ത് വർഷത്തെ വഴിപാട് രേഖകൾ ഹാജരാക്കണം- ഹൈകോടതി

ശബരിമല: പത്ത് വർഷത്തെ വഴിപാട് രേഖകൾ ഹാജരാക്കണം- ഹൈകോടതി

Spread the News

കൊച്ചി: ശബരിമലയിലെ കഴിഞ്ഞ പത്ത് വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണമെന്ന് ഹൈകോടതി. ശബരിമലയിൽ ബില്ലോ വൗച്ചറോ കൂടാതെ നിത്യപൂജ സാധനങ്ങൾ കൈപ്പറ്റുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകൾ സംബന്ധിച്ച രേഖകളും സുനിൽ സ്വാമിയെന്ന സുനിൽ കുമാറോ മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങളും സ്റ്റോക്ക് രജിസ്റ്ററും സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമല ക്ഷേത്ര ഭരണത്തിലും വഴിപാട് നടത്തിപ്പിലും ഗുരുതര ക്രമക്കേടുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. സർക്കാർ അഭ്യർഥിച്ചതിനെ തുടർന്ന് ദേവസ്വം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി മൂന്നാഴ്ച അനുവദിച്ചു.

വഴിപാട് സാധനങ്ങൾ വാങ്ങാൻ കേരള ഫിനാൻഷ്യൽ കോഡോ പർച്ചേസ് മാനുവലോ പാലിക്കേണ്ടതില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് പൊതു സാമ്പത്തിക ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും അഴിമതിക്ക് വഴിതുറക്കുന്നതുമാണെന്ന് കോടതി പറഞ്ഞു. പൊതുപണം ചെലവഴിക്കുമ്പോൾ കൃത്യമായ രേഖകൾ വേണം. പർച്ചേസ് ചുമതലയുള്ള ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരെ കരാറുകാരെപ്പോലെ കാണുന്നത് അംഗീകരിക്കാനാകില്ല. സാധനങ്ങൾ പെട്ടെന്ന് കേടാകുന്നവയായതിനാൽ ബില്ലുകൾ പ്രായോഗികമല്ലെന്ന ബോർഡിന്റെ ന്യായീകരണം വിചിത്രമാണെന്ന് നിരീക്ഷിച്ച കോടതി സാധനങ്ങൾ കേടാകുന്നവയാണെങ്കിൽ കൃത്യമായ രേഖകൾ സൂക്ഷിക്കുകയാണ് അഴിമതി തടയാൻ അനിവാര്യമായതെന്ന് വ്യക്തമാക്കി.

ദേവസ്വം ബോർഡിന്റെ കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണമെന്നും നിലവിലെ രീതികൾ സുതാര്യമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നൽകി. കേസ് 19ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *