സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരങ്ങളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരങ്ങളിൽ ജാഗ്രതാ നിർദേശം

Spread the News

കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നാണ് നിർദേശം.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

സാധാരണ ലഭിക്കേണ്ടതിലും മൂന്ന് ദിവസം വൈകിയാണ് ഇത്തവണ  തെക്ക്-പടിഞ്ഞാറൻ കാലവർഷം എത്തിയതെങ്കിലും തുടക്കത്തിൽ തന്നെ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിലും മഴയുടെ തീവ്രത കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

നാളെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്താം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *