മലപ്പുറം: പരസ്യപ്രചരണം അവസാനിക്കാൻ മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഫൈനൽ റൗണ്ടിൽ മുന്നിലെത്താൻ ടോപ്പ് ഗിയറിലേക്ക് തട്ടി മുന്നണികളുടെ പര്യടനം. അവസാന ലാപ്പിൽ മുന്നണികൾ പ്രവർത്തകരുമായി നാടറിയിച്ചാണ് പ്രചാരണം. റോഡ് ഷോകളും കൺവെഷനുകളും നേരിട്ടുള്ള വോട്ടുതേടലുമായി പ്രചാരണം അരങ്ങ് തകർക്കുകയാണ്. വേനൽ ചൂട് വകവെക്കാതെ തുടരുന്ന പര്യടനത്തിനും വോട്ട് തേടലിനും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ശുഭപര്യവസാനമുണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. സംസ്ഥാന സർക്കാറിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. എൽ.ഡി.എഫ് സർക്കാർ നേട്ടങ്ങൾ മുൻനിർത്തിയാണ് രംഗത്തുള്ളത്.
കേന്ദ്ര സർക്കാർ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ മുന്നോട്ട് പോകുന്നത്. ആം ആദ്മി പാർട്ടിയും കരുത്ത് തെളിയിക്കാൻ ഗോദയിൽ സജീവമാണ്. തെരഞ്ഞെടുപ്പ് രംഗത്ത് ചൂടുകൂട്ടാൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയവർ പ്രചാരണത്തിൽ സജീവമായിരുന്നു. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ, ബൃന്ദ കാരാട്ട്, എം.എ. ബേബി തുടങ്ങിയവരും ജില്ലയിലെത്തി. എൻ.ഡി.എക്ക് ജില്ലയിലെ പ്രമുഖ നേതാക്കൻമാരുടെ മേൽനോട്ടത്തിലാണ് പ്രചാരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ജില്ലയിൽ താഴെ തട്ടിൽ മുന്നണികൾ ഒരുക്കം പൂർത്തിയാക്കിയിരുന്നു. തുടർന്ന് സ്ഥാനാർഥി പ്രഖ്യാപനം വന്നത് മുതൽ ഓരോ മുന്നണി സ്ഥാനാർഥികളും പ്രത്യേകം ഷെഡ്യൂളുകൾ ക്രമീകരിച്ച് പ്രചാരണ രംഗത്തേക്ക് കടന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ഏകോപനം സ്ഥാനാർഥികൾക്ക് പ്രചാരണം എളുപ്പമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലുടെ റീലുകളും പോസ്റ്ററുകളുമായി പ്രചാരണം പാരമ്യത്തിലെത്തിയിട്ടുണ്ട്. വാദപ്രതിവാദങ്ങളുമായി ചർച്ചകളും സൈബർ ഇടങ്ങളിൽ കട്ടക്ക് മുന്നോട്ട് കുതിക്കുകയാണ്.
ഓരോ മുന്നണിയും പ്രത്യേക സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കളം നിറയുന്നത്. സ്ഥാനാർഥികളുടെ ഓരോ പര്യടന വീഡിയോകളും ചിത്രങ്ങളും തത്സസമയമാണ് റീലുകളായി പുറത്ത് വരുന്നത്. അടുത്ത ദിവസങ്ങളിലും ഇത് തുടരും. ഇനിയുള്ള ഓരോ നിമിഷങ്ങളിലും ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാർഥികൾ.




