ഇറാന് ആക്രമണത്തില്‍ യു.എസ് വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനം തകര്‍ന്നത് സംഘര്‍ഷത്തില്‍ യു.എസിന് വലിയ തിരിച്ചടി. ഇതോടെ ഇറാന്റെ ആക്രമണങ്ങളെ ദൂരെ നിന്നും കണ്ടെത്താനുള്ള യു.എസിന്റെ ശേഷി കുറയുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസില്‍ നടത്തിയ ആക്രമണത്തിലാണ് യു.എസിന് വിമാനം നഷ്ടമായത്. അതേസമയം, ആക്രമണത്തിന് ഇറാന് റഷ്യന്‍ സഹായം ലഭിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഇ-3 സെൻട്രി വിമാനം. വിമാനത്തിന്റെ വാല് അറ്റ നിലയിലും, റഡാർ ഡോം (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ നിർണ്ണായക ഭാഗം) വീണുകിടക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റ് വിമാനങ്ങൾ, മിസൈലുകൾ, വലിയ ഡ്രോണുകൾ, ടാങ്കുകൾ അടക്കം ഏകദേശം 600 ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാൻ സാധിക്കുന്ന വിമാനമാണിത്.
ഇത് യു.എസിന്റെ നിരീക്ഷണ ശേഷിയെ ബാധിക്കുന്ന കാര്യമായാണ് വിലയിരുത്തുന്നത്. യുദ്ധവിമാനങ്ങളെ നിയന്ത്രിക്കാനും അവയെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കാനുമുള്ള കഴിവിനെയും ഇത് ബാധിക്കും. വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 10 യുഎസ് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തില്‍ യുഎസ് വ്യോമസേന ടാങ്കർ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഐആർജിസി ആക്രമണം നടത്തിയതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പ്രസ് ടിവിയിലെ റിപ്പോര്‍ട്ട്.
ഇറാൻ ആക്രമണം നടത്തുന്നതിന് മുന്‍പുള്ള ദിവസങ്ങളിൽ റഷ്യ, സൗദി അറേബ്യയിലെ സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ മൂന്ന് തവണ പകർത്തിയിരുന്നതായാണ് യുക്രൈന് ഇന്റലിജന്‍സിന്റെ വിവരം. ഇതാണ് റഷ്യന്‍ പിന്തുണ ഇറാന് ലഭിച്ചോ എന്ന സംശയത്തിന് കാരണം. അതേസമയം, ഇതോടെ ഇറാനെതിരെയാ എപിക് ഫ്യൂരി സൈനിക നടപടിയില്‍ യു.എസിന് ഇതുവരെ 16 സൈനിക വിമാനങ്ങളെങ്കിലും നഷ്ടമായെന്നാണ് കണക്ക്.
10 എംക്യു-9 റീപ്പര്‍ ഡ്രോണ്‍, മൂന്ന് എഫ്-15ഇ യുദ്ധവിമാനങ്ങള്‍ എന്നിവ നേരത്തെ നഷ്ടമായിരുന്നു. ഇതിനൊപ്പം മാര്‍ച്ച് 12 ന് നടന്ന ആക്രമണത്തില്‍ കെസി 135 സ്റ്റാര്ടോടാങ്കര് വിമാനവും യു.എസിന് നഷ്ടമായി. ആദ്യ മൂന്നു ആഴ്ചയിലുണ്ടായ നഷ്ടവും അറ്റകുറ്റപണി ചെലവും അടക്കം യു.എസിന് 1.4 ബില്യണ്‍– 2.9 ബില്യണ്‍ വരെ ചെലവായി എന്നാണ് കണക്ക്.




