വാഴക്കുളം പൈനാപ്പിൾ കപ്പല്‍ മാർഗം ദുബായിലെത്തി

വാഴക്കുളം പൈനാപ്പിൾ കപ്പല്‍ മാർഗം ദുബായിലെത്തി

March 7, 2026 0 By BizNews
വാഴക്കുളം പൈനാപ്പിൾ കപ്പല്‍ മാർഗം ദുബായിലെത്തി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിള്‍ അഞ്ചുദിവസം വൈകി കപ്പല്‍ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി. രണ്ടാം കയറ്റുമതിയും വിജയമായതോടെ കർഷകർ ഹാപ്പി.

കഴിഞ്ഞ 22ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 28ന് ദുബായ് ജബേല്‍ അലി തുറമുഖത്ത് എത്തേണ്ടിയിരുന്നതാണ്. യുദ്ധം മൂലം അടച്ചിട്ടിരുന്ന തുറമുഖം തുറന്നതോടെ ഇന്നലെ രാവിലെ കപ്പല്‍ തീരത്തണഞ്ഞു.

കണ്ടെയ്‌നറിലെ പൈനാപ്പിള്‍ പഴുത്തു തുടങ്ങിയെന്നും കേടുപാടില്ലെന്നും ദുബായിലെ പ്രതിനിധി അറിയിച്ചെന്ന് കർഷകൻ പവല്‍ കെ. എല്‍ദോ കേരളകൗമുദിയോട് പറഞ്ഞു. ഒരാഴ്ച കൂടി ഇത് കേടുകൂടാതിരിക്കും.

കയറ്റുമതിക്കായി പറിച്ചപ്പോള്‍ പായ്‌ക്ക് ചെയ്‌ത് സൂക്ഷിച്ചിരുന്ന പൈനാപ്പിൾ വീണ്ടും പരിശോധിച്ച്‌ കേടില്ലെന്ന് ഉറപ്പാക്കിയെന്ന് പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. മായ പറഞ്ഞു.

കൂത്താട്ടുകുളം ആറൂരിലെ തോട്ടത്തില്‍ നിന്ന് ആറ് ടണ്‍ പൈനാപ്പിള്‍ തിരുപ്പൂരിലെ ബ്ളാക്ക് ബോക്‌സ് കമ്പനിയാണ് കയറ്റുമതി നടത്തിയത്. രണ്ടാമത്തെ കയറ്റുമതിയും വിജയിച്ചതിനാല്‍ കൂടുതല്‍ കരാറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

20 ദിവസം വരെ കേടാകാത്ത പ്രത്യേകയിനം പൈനാപ്പിള്‍ വാഴക്കുളത്തെ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചാണ് കയറ്റുമതിക്ക് ഉപയോഗിച്ചത്. പോള്‍ എല്‍ദോ, സാബു വർഗീസ്. പവല്‍ കെ. എല്‍ദോ എന്നിവരുടെ തോട്ടത്തിലാണ് കൃഷി ചെയ്‌തത്.