ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍

ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍

Spread the News
ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍
  • ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു

കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിന്‍റെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ മാതൃകയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കേരള ടൂറിസത്തിന്‍റെ ആര്‍ടി പദ്ധതികളെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ഹിമാചല്‍ പ്രദേശിലെ ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം ശീലങ്ങള്‍ സ്വായത്തമാക്കുന്ന വിപ്ലവം ആരംഭിച്ചതെന്ന് എച്ടുഒ ഹൗസിന്‍റെ സഹസ്ഥാപക രേണു ശര്‍മ്മ ചൂണ്ടിക്കാട്ടി.

സ്വന്തം റിസോര്‍ട്ടില്‍ ആര്‍ടി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന ആര്‍ടിമിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാറിന്‍റെ പൂര്‍ണ സഹകരണമുണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ത്തു. കുടുംബശ്രീ മാതൃകയിലുള്ള സമൂഹ അടുക്കളയിലൂടെയാണ് അവിടെ ആര്‍ടി ശീലങ്ങള്‍ ആരംഭിച്ചത്. ഇന്ന് ഹിമാചല്‍ പ്രദേശിലെ എല്ലാ പ്രദേശത്തും മിസ്റ്റിക് വില്ലേജ് എന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ഹോംസ്റ്റേ നെറ്റ് വര്‍ക്ക് നേപ്പാളിന്‍റെ പ്രൊഡക്ട് ഡെവലപ്മന്‍റ് മേധാവി പുഷ്പ ഥാപ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവരും അവതരണങ്ങള്‍ നടത്തി.

കേരള ടൂറിസം അഡി. സെക്രട്ടറി ജഗദീഷ് ഡി, കേരള ആര്‍ടി മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍, തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

ഉത്തരവാദിത്ത ടൂറിസത്തിലെ വിജയമാതൃകകളിലെക്കുറിച്ച് കേരള ആര്‍ടി മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പ്രൊഫ. മിനു എം ഗോപാല്‍, ആര്‍ടി മേഖലയില്‍ ടൂറിസം വ്യവസായത്തിന്‍റെ പങ്കിനെക്കുറിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സെക്രട്ടറി എസ് സ്വാമിനാഥന്‍, ബേക്കല്‍ ടൂറിസത്തിന്‍റെ വിജയമാതൃകയെക്കുറിച്ച് ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത്, ബേപ്പൂരിനെക്കുറിച്ച് ആര്‍ടി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി, അഗ്രി ടൂറിസത്തെക്കുറിച്ച് വെസ്റ്റേണ്‍ഘാട്ട്സ് ട്രോപ്പിക്കല്‍ സ്ഥാപകന്‍ വില്യംസ് മാത്യൂ, കവ്വായി സ്റ്റോറീസ് സ്ഥാപകന്‍ രാഹുല്‍ നാരായണന്‍ എന്നിവര്‍ അവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *