സൗദി അറാംകോ വരുന്നൂ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം

സൗദി അറാംകോ വരുന്നൂ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം

Spread the News
സൗദി അറാംകോ വരുന്നൂ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം

ബെംഗളൂരു: സൗദി അറേബ്യൻ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നുമായ സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക് വമ്പൻ നിക്ഷേപവുമായി ചുവടുവയ്ക്കുന്നു.

പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ബിപിസിഎൽ സ്ഥാപിക്കുന്ന പുത്തൻ റിഫൈനറിയിൽ 20% ഓഹരി പങ്കാളിത്തമാകും സൗദി അറാംകോ സ്വന്തമാക്കുക. ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം അറാംകോ നടത്തിയേക്കും. പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും ചില ബാങ്കുകളും താൽപ്പര്യം അറിയിച്ചിട്ടുണ്ട്.

ഏകദേശം 96,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ രാമയ്യപട്ടണം തുറമുഖത്തിന് സമീപമാണ് റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സ് ബിപിസിഎൽ സ്ഥാപിക്കുന്നത്. നിർമാണച്ചെലവ് ലക്ഷം കോടി കടന്നേക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് സൗദി അറാംകോയോ ബിപിസിഎല്ലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി ആന്ധ്രാപ്രദേശ് സർക്കാർ ഇതിനകം 6,000 ഏക്കർ ഭൂമി കൈമാറിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ഇന്ധന ഡിമാൻഡിനൊത്ത വിതരണം ഉറപ്പാക്കാനും പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കയറ്റുമതിയും ഉന്നമിട്ടാണ് ബിപിസിഎൽ പുത്തൻ പദ്ധതി സ്ഥാപിക്കുന്നത്. 9 മുതൽ 12 ദശലക്ഷം ടൺ പ്രതിവർഷ സംസ്കരണശേഷിയുള്ളതാകും ആന്ധ്രയിലെ പ്ലാന്റ്.

ഓയിൽ ഇന്ത്യ 10% ഓഹരികളാകും സ്വന്തമാക്കിയേക്കുക. ബാങ്കുകൾ 4-5 ശതമാനവും. മൊത്തം 30-40% ഓഹരികൾ വിൽക്കാനാണ് ബിപിസിഎൽ ഉന്നമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഗുജറാത്തിൽ ഒഎൻജിസി പുതുതായി സ്ഥാപിക്കുന്ന എണ്ണശുദ്ധീകരണ ശാലയിലും നിക്ഷേപം നടത്താൻ സൗദി അറാംകോയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി 100 ബില്യൻ ഡോളർ (ഏകദേശം 8.9 ലക്ഷം രൂപ) നിക്ഷേപിക്കാന്‍ 2019ൽ അറാംകോ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമാണ് ആന്ധ്രയിലെ നിക്ഷേപവും.

കഴിഞ്ഞ ഏപ്രിലിൽ സൗദി സന്ദ‍ർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി. ഇന്ത്യയിലേക്ക് പതിറ്റാണ്ടുകളായി എണ്ണയിറക്കുമതി ചെയ്യുന്നുണ്ട് അറാംകോ. എണ്ണശുദ്ധീകരണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ അറാംകോയ്ക്കുണ്ടെന്നത് ഇന്ത്യൻ കമ്പനികൾക്കും നേട്ടമാകും.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കമ്പനിയാണ് ബിപിസിഎൽ. കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിലെ കണക്കുപ്രകാരം 27.44 ശതമാനമാണ് വിപണി വിഹിതം.

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 6,443 കോടി രൂപയുടെ ലാഭം ബിപിസിഎൽ നേടിയിരുന്നു. കൊച്ചി (കൊച്ചി റിഫൈനറി), മുംബൈ, ബിന (മധ്യപ്രദേശ്) എന്നിവിടങ്ങളിലായി മൂന്ന് എണ്ണശുദ്ധീകരണ ശാലകളാണ് ബിപിസിഎല്ലിനുള്ളത്.

നേരത്തെ ബിപിസിഎലിന്റെ 46,200 കോടി രൂപ മതിക്കുന്ന 52.98 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്രസ‍ർക്കാർ ആലോചിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല.

Leave a Reply

Your email address will not be published. Required fields are marked *