സെൻസെക്സ് 89,000ലേക്ക് കുതിക്കുമെന്ന് മോർഗൻ സ്റ്റാൻലി

Spread the News

മുംബൈ: ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് 2026 ജൂണിനകം 89,000 പോയിന്റിലെത്തുമെന്ന് മോർഗൻ സ്റ്റാൻലി. നിലവിലെ പോയിന്റിൽ‌ നിന്ന് 8% അധികമാണിത്. 2024 സെപ്റ്റംബറിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്കുപോയ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിത്.

ഇന്ത്യയുടെ സുസ്ഥിര വളർച്ച, അനുകൂലമായ സാമ്പത്തിക നയങ്ങൾ, കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവർത്തനഫലങ്ങൾ, കുറയുന്ന പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കുമെല്ലാം ഓഹരി വിപണിയുടെ കുതിപ്പിന് ഗുണം ചെയ്യും.

യുഎസിന്റെ സാമ്പത്തിക വളർച്ചയുടെ ദിശ, ക്രൂഡ് ഓയിൽ വിലയുടെ കയറ്റിറക്കം എന്നിവയ്ക്ക് അനുസൃതമായി 50% സാധ്യതയാണ് സെൻസെക്സ് 89,000ലേക്ക് എത്താൻ മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നത്.

നിലവിലെ സ്ഥിതിയിൽ നിന്ന് സെൻസെക്സ് 23.5 മടങ്ങ് (23.5x) പ്രൈസ് ടു ഏണിങ്സ് റേഷ്യോയിൽ (P/E Ratio) വ്യാപാരം ചെയ്യുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. അതായത്, കഴിഞ്ഞ 25വർഷത്തെ ശരാശരിയായ 21 മടങ്ങിനേക്കാൾ (21x P/E Ratio) ഉയരത്തിൽ.

ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളറിനു താഴെ തുടരുകയും ജിഎസ്ടി നിരക്കുകൾ കുറയുകയും കാർഷിക നിയമങ്ങളിൽ പുരോഗതി ഉണ്ടാവുകയും കോർപ്പറേറ്റ് കമ്പനികളുടെ ശരാശരി വാർഷിക വളർച്ച (CAGR) 19 ശതമാനമായി തുടരുകയും ചെയ്താൽ സെൻസെക്സ് ഒരുവർഷത്തിനകം ഒരുലക്ഷം പോയിന്റ് എന്ന ‘മാന്ത്രികസംഖ്യ’യും ഭേദിക്കും.

ആഗോള വ്യാപാരയുദ്ധം ശമിക്കേണ്ടതും ഇതിന് അനിവാര്യമാണെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു.
സെൻസെക്സിന്റെ വളർച്ച 23.5 മടങ്ങ് പിഇ റേഷ്യോയിലാകുമെന്ന മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടുന്നത്, ഓഹരികളുടെ വില കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് മാത്രമല്ല, അധികരിച്ചതുമാകാമെന്നാണ്.

കമ്പനിയുടെ ഓരോ രൂപയുടെ ഓഹരിക്കും വേണ്ടി എത്രതുക ചെലവിടാൻ നിക്ഷേപകൻ തയ്യാറാകും എന്നതിന്റെ അനുപാതമാണ് പിഇ റേഷ്യോ. ഉയർന്ന തലത്തിലുള്ള പിഇ അനുപാതം ചൂണ്ടിക്കാട്ടുന്നത് കമ്പനിയുടെ ഓഹരിവില കൂടി അല്ലെങ്കിൽ അധികരിച്ചു (ഓവർവാല്യൂഡ്) നിൽക്കുന്നു എന്നാണ്. ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത വേണം. കാരണം, വില ഇടിയാൻ സാധ്യത ഏറെയാണ്.

പിഇ റേഷ്യോ കുറവാണെങ്കിൽ അത്തരം ഓഹരികളിൽ നിക്ഷേപിക്കാൻ അനുയോജ്യമാണെന്നും കരുതപ്പെടുന്നു. കാരണം, ആ ഓഹരികൾക്ക് മുന്നേറ്റ സാധ്യതയുണ്ട്. അതേസമയം, പിഇ റേഷ്യോ മാത്രം വിലയിരുത്തി ഒരു കമ്പനിയുടെ ഓഹരിയുടെ പ്രകടനത്തെ വിലയിരുത്തുകയുമരുത്.

Leave a Reply

Your email address will not be published. Required fields are marked *