പ്രളയജലത്തിൽ ഒഴുകിവന്നത് ബാങ്ക് ലോക്കർ; കുത്തിത്തുറന്ന് 57 ലക്ഷം കവർന്നു, 29 പേർ അറസ്റ്റിൽ

പ്രളയജലത്തിൽ ഒഴുകിവന്നത് ബാങ്ക് ലോക്കർ; കുത്തിത്തുറന്ന് 57 ലക്ഷം കവർന്നു, 29 പേർ അറസ്റ്റിൽ

Spread the News

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ഞെട്ടലിൽനിന്നും ജനങ്ങൾ തരണംചെയ്തുവരുന്നതേയുള്ളൂ. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് ശേഷം ബാക്കിയായവരെക്കുറിച്ചും പ്രളയജലം ബാക്കിവെക്കാതെ കൊണ്ടുപോയവരെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്. ഇതിനിടെ വരുന്ന ചില വാർത്തകളാവട്ടെ മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതുമാണ്. അത്തരത്തിലൊരു വാർത്തയാണ് നേപ്പാളിൽനിന്നും വരുന്നത്.

നേപ്പാളിന്റെ ചില ഭാഗങ്ങളിൽ കനത്ത നാശം വിതച്ച പ്രളയത്തിനിടയിൽ, കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഒഴുകിപ്പോയ ഒരു ബാങ്ക് സേഫ് (ലോക്കർ) അപ്രതീക്ഷിതമായി ഒരു കുറ്റകൃത്യത്തിന്റെ കേന്ദ്രമായി മാറിയാണ് ആ വാർത്ത. സേഫ് തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്ന പണം അപഹരിച്ചതിന് 29 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രസുവാ ജില്ലയിലെ ഭോട്ടേകോശി മേഖലയിൽ ഉണ്ടായ പ്രളയത്തിലാണ് ഈ സേഫ് ഒഴുകിപ്പോയതെന്നാണ് റിപ്പോർട്ട്. പിന്നീട് ധാഡിങ് ജില്ലയിലെ ഗാൽച്ചി റൂറൽ മുനിസിപ്പാലിറ്റി-4-ൽ പെട്ട ബെൽഖുഖോലയ്ക്ക് സമീപമുള്ള തൃശൂലി നദിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നാട്ടുകാർ സേഫ് തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്ന പണം കൈക്കലാക്കിയതായി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി ധാഡിങ് പോലീസ് അറിയിച്ചു.

ഉടൻ തന്നെ ഒരു പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരിൽ നിന്ന് ഏകദേശം 57 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും ഗാൽച്ചി-4 ലെ മാസ്റ്റർ സ്വദേശികളാണ്.

ചിലർ ഗാൽച്ചി-6 ലെ ആദംഘട്ടിൽ നിന്നും സിദ്ധലേഖ്-7 ലെ ആദംതറിൽ നിന്നുമുള്ളവരാണ്. മറ്റുള്ളവർ ചിത്വാൻ, പർസ സ്വദേശികളാണെങ്കിലും നിലവിൽ ധാഡിങ്ങിലാണ് താമസം. കസ്റ്റഡിയിലായിരിക്കുന്നവരെല്ലാം 19-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *