പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്; നിർണായകമായത് ചോര പതിഞ്ഞ കാൽപാടുകളും ചെന്താമരയുടെ ഭാര്യയുടെ മൊഴിയും

പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്; നിർണായകമായത് ചോര പതിഞ്ഞ കാൽപാടുകളും ചെന്താമരയുടെ ഭാര്യയുടെ മൊഴിയും

Spread the News

പാലക്കാട്: പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. കേസിൽ പ്രതിയായ ചെന്താമരയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ വ്യക്തമായിട്ടുണ്ട്. 2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നത്. അന്വേഷണവും വിചാരണയും പൂർത്തിയായതോടെ ഇന്ന് കോടതി ശിക്ഷാ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

സജിതയുടെ കുടുംബവും പ്രോസിക്യൂഷനും ചെന്താമരയ്‌ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കേസിൽ തെളിവുകൾ ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സജിതയുടെ വീടിനകത്ത് കണ്ടെത്തിയ ചെന്താമരയുടെ കാൽപാടുകൾ കേസിൽ നിർണായകമായി. അതുപോലെ, മൽപിടുത്തത്തിനിടെ പോക്കറ്റ് കീറി നിലത്തു വീണ വസ്ത്രം ചെന്താമരയുടേതാണെന്ന് ഇയാളുടെ ഭാര്യ നൽകിയ മൊഴിയും പ്രതിയെ കൂടുതൽ കുടുക്കിയിരുന്നു. സംഭവത്തിന്റെ ക്രൂരതയും പ്രതിയുടെ തുടർച്ചയായ അക്രമ സ്വഭാവവും പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കേസിൽ ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടുപോയതിന് പിന്നിൽ സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വിചാരണ ഘട്ടത്തിൽ പറഞ്ഞിരുന്നു. നിരന്തരം പ്രതികാരബോധത്തിൽ അകപ്പെട്ട പ്രതി അവസാനം സജിതയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. ഇന്ന് ശിക്ഷാ വിധിയിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സജിതയുടെ ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *