സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയായി വർധിച്ചു. പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വർധിച്ചത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിച്ച് നടത്തിയ പരാമർശങ്ങൾ സ്വർണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അ​വലോകനത്തിന് ശേഷം ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാന്റെ പരാമർശം സ്വർണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണ വില ഉയരാനുള്ള അനുകൂലഘടകമായി.

അതേസമയം, സ്വർണത്തിന്റെ വില ക്രമാതീതമായി വർധിക്കുന്നത് മൂലം 18 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡ് കൂടുകയാണെന്ന് വ്യപാരികൾ.22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. കൗമാരക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്.

ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വിൽപന വലിയ തോതിൽ ഉയർത്തുന്നുണ്ടെന്ന് സ്വർണ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *