‘ക്രോക്സാ’ണ് വിപണിയിലെ പുതു താരം
December 30, 2023മത്ര: ക്രോക്സ് ബ്രാന്റ് ചെരിപ്പ് മോഡലില്‍ അലങ്കാരപ്പണികള്‍ ചെയ്യാനായി ഇറക്കിയ ‘ക്രോക്സാ’ണ് വിപണിയിലെ പുതുതാരം. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ബാല്യകൗമാരങ്ങളുടെ ഇടയില്‍ ക്രോക്സ് സ്റ്റിക്കറുകള്‍ ഇപ്പോള്‍ ട്രെന്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഇഷ്ട ക്ലബുകളുടെയും താരങ്ങളുടെയും രൂപവും പതാകയുമൊക്കെ അടങ്ങിയ ക്രോക്സ് സ്റ്റിക്കറുകള്‍ വാങ്ങി ക്രോക്സ് കോപ്പി ചെരിപ്പുകളിലൊട്ടിച്ച് നടക്കുന്നത് ഒരു ഹരമായിക്കൊണ്ടിരിക്കുകയാണ്. ചെറിയവിലക്ക് കിട്ടുമെന്നതിനാല്‍ ഒരേ സമയം നിരവധി സ്റ്റിക്കറുകള്‍ സ്വന്തമാക്കി മാറിമാറി ഒട്ടിച്ച് കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആവുകയാണ് കുട്ടികളും ബാല്യക്കാരും.
കുട്ടികള്‍ ക്രോക്സ് ചോദിച്ച് വരുമ്പോള്‍ ആദ്യമൊക്കെ അത് എന്താണെന്ന് മനസ്സിലായിരുന്നില്ല. അന്താരാഷ്ട്രാ വിപണിയിൽ താരമാണ് ക്രോക്സെന്ന് വൈകിയാണ് മനസ്സിലായതെന്ന് മത്രയിലെ വ്യാപാരിയായ അനസ് പറയുന്നു. നിറയെ ദ്വാരങ്ങളുള്ള ക്രോകസ് ചെരിപ്പ് ഫാഷന്‍ ലോകം കീഴടക്കിയിട്ട് കാലം കുറേയായി. ക്രോക്സ് മോഡല്‍ ചെരിപ്പുകളില്‍ വായുവും വെള്ളവും കയറാനായി ഉണ്ടാക്കിയ തുളകളിലാണ് അലങ്കാര ആക്സസറികളായി ഇറക്കിയ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത്.