ശബരിമല സന്നിധാനത്ത് ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹത്തിന്റെയും മാളികപ്പുറത്തമ്മയുടെ വിഗ്രഹത്തിന്റെയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വർദ്ധിച്ചുവരുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും എടുക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചു.
ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പൊലീസ് പിടിച്ചെടുക്കും. ശ്രീകോവിലിനുള്ളിലെ വിഗ്രഹങ്ങൾ, പതിനെട്ടാംപടി, മേൽത്തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് കേരള ഹൈക്കോടതിയുടെ കർശന വിലക്ക് നിലവിലുണ്ട്.

