‘കൂട്ടുത്തരവാദിത്തത്തിന്‍റെ വലിയ തെളിവല്ലേ ഇതെല്ലാം...’; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മുനവെച്ച് അടൂർ പ്രകാശ്

‘കൂട്ടുത്തരവാദിത്തത്തിന്‍റെ വലിയ തെളിവല്ലേ ഇതെല്ലാം…’; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മുനവെച്ച് അടൂർ പ്രകാശ്

Spread the News

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനമുന്നയിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ് യോഗം ചേരാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, മുന്നണി ചെയർമാനോട് ചോദിക്കണമെന്നായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം.

സർക്കാറിൽ കൂട്ടുത്തരവാദിത്തമില്ലേയെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ‘‘കൂട്ടുത്തരവാദിത്തമുണ്ട് എന്നതിന്റെ വലിയ തെളിവാണല്ലോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്’’ എന്നായിരുന്നു പരിഹാസം. മന്ത്രിമാർക്ക് അതൃപ്തിയുണ്ടോ എന്ന് തനിക്കറിയില്ല. അത് മന്ത്രിമാരോട് ചോദിക്കണം. താൻ നേരത്തെ തുറന്നുപറഞ്ഞ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്-അദ്ദേഹം പറഞ്ഞു.

മുന്നണി കൺവീനറെന്ന നിലയിൽ ഭരണത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തോട് ‘‘അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമല്ലല്ലോ, തുടങ്ങിയതല്ലേ ഉള്ളൂ, വരട്ടെ’’ എന്നായിരുന്നു പ്രതികരണം. കെ.പി.സി.സി പ്രസിഡന്‍റിനെ നിയമിക്കാൻ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമോ എന്ന് അറിയില്ല. അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നാണ് തന്‍റെ നിലപാട്. അത് എന്നത്തേക്ക് വരുമെന്ന് പറയാൻ താൻ ആളല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

നേരത്തെ, ക്യാബിനറ്റ് പദവി നൽകിയതുൾപ്പെടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണു തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇതു ദുഃഖകരമാണെന്നും ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങൾ ബോധ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ പറയണമെന്നും അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.

അതേസമയം, ഹിമാചൽ-ജി.എൻ.എ വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി തീരുമാനമെടുത്തതിൽ വകുപ്പ് മന്ത്രി സണ്ണി ജോസഫിനും കടുത്ത അതൃപ്തിയുണ്ട്. ഹിമാചലിനെ ഒഴിവാക്കി ജി.എൻ.എ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചപ്പോഴും വിവാദത്തെ തുടർന്ന് ഈ തീരുമാനം തൽക്കാലം റദ്ദാക്കിയപ്പോഴും വകുപ്പ് മന്ത്രി അറിഞ്ഞില്ല. ഈ വിഷയങ്ങളിൽ കൂടിയാലോചനയുമുണ്ടായില്ല.

നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് ഊർജ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനും മുഖ്യമന്ത്രിയെ കണ്ടാണ് അറിയിച്ചത്. മന്ത്രിയുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയില്ല. പ്രതിസന്ധിയില്ലെന്ന ഇവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ജി.എൻ.എ വൈദ്യുതി തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചതും മന്ത്രിയുടെ അഭിപ്രായം ചോദിക്കാതെയാണ്. ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയതിനെ കുറിച്ച് അന്വേഷണത്തിന് നിർദേശം നൽകിയതും സണ്ണി ജോസഫ് അറിഞ്ഞില്ല. ഇതെല്ലാമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *