കാസർകോട്: സർക്കാർ ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു തീരുന്നതിന് മുൻപ് വേദിയിൽ ഇരിപ്പിടത്തിലേക്ക് മടങ്ങിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ പരിപാടി ആരെങ്കിലും ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ലെന്നും തനിക്ക് ആരും രാജ്യസ്നേഹം പഠിപ്പിച്ചുതരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്ദേമാതരത്തെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
തിങ്കളാഴ്ച കാസർകോട് ജില്ലയിലെ മുള്ളേരിയ ഫാമിലി ഹെൽത്ത് സെന്ററിലെ പുതിയ ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിശ്ചയിച്ച പ്രോഗ്രാം ചാർട്ടിൽ പ്രാർത്ഥനാഗാനമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ അതിന് പകരം വന്ദേമാതരം ആലപിക്കുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നയമാണ് താൻ വേദിയിൽ ഉയർത്തിപ്പിടിച്ചതെന്ന് വ്യക്തമാക്കി. ‘എനിക്ക് ആരും രാജ്യസ്നേഹം പഠിപ്പിച്ചുതരേണ്ടതില്ല. ഞാൻ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ (മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ) മകനാണ്. കേന്ദ്ര സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പരിപാടികൾ നടക്കുമ്പോൾ അവരുടെ പ്രോട്ടോക്കോളും നയവും ഞങ്ങൾ മാനിക്കാറുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടി മറ്റാരെങ്കിലും ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാനാവില്ല. അതാണ് ഞാൻ ഇന്നലെ കാണിച്ചത്’, മുരളീധരൻ പറഞ്ഞു.
ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്നാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രഖ്യാപിത നയം. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞയുടൻ തന്നെ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും ഇരിക്കാൻ തുനിഞ്ഞെങ്കിലും ഗാനം തുടരുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് തങ്ങൾ സീറ്റിൽ ഇരിക്കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.
വേദിയിലെ പ്രതികരണങ്ങളിലെ ഭിന്നത; ഒപ്പം ഇരുന്നത് എം.പിയും കലക്ടറും
വാർത്താ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, ഗാനം പൂർത്തിയാകുന്നതിന് മുൻപ് മന്ത്രി കെ. മുരളീധരനൊപ്പം കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ കെ. മാഹിൻ, ജില്ലാ കലക്ടർ എന്നിവരും ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഗാനം പൂർണമായി അവസാനിക്കുന്നത് വരെ എം.എൽ.എ കെ. നീലകണ്ഠനും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും വേദിയിൽ എഴുന്നേറ്റുതന്നെ നിന്നു. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശവും, ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതിയെന്ന സംസ്ഥാന നിലപാടും തമ്മിൽ നേരത്തെയും ഭിന്നത നിലനിന്നിരുന്നു. വന്ദേമാതരത്തിന്റെ പൂർണരൂപം കേരളത്തിലെ സർക്കാർ ചടങ്ങുകളിൽ ആലപിക്കില്ലെന്ന് മുരളീധരൻ മുൻപും വ്യക്തമാക്കിയിരുന്നു. വന്ദേമാതരം പാടുന്നതിനിടെ മന്ത്രി സമീപത്തിരുന്നവരോട് സംസാരിച്ചതും ചൂണ്ടിക്കാട്ടി ബി.ജെ.പി സമരം ശക്തമാക്കാനാണ് ഒരുങ്ങുന്നത്.

