16കാരിയെ പീഡിപ്പിച്ച കേസ്: നിയാസ് ജൗഹരിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ, സമാന അനുഭവങ്ങളുമായി യുവതികളും

16കാരിയെ പീഡിപ്പിച്ച കേസ്: നിയാസ് ജൗഹരിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ, സമാന അനുഭവങ്ങളുമായി യുവതികളും

Spread the News

കരുനാഗപ്പള്ളി: പ്രാർഥനയുടെയും ചികിത്സയുടെയും മറവിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതിയുടെ മറ്റു പ്രവൃത്തികളെക്കുറിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്.

മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളിൽ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി നല്ല വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് നിയാസ് ജൗഹരി അടുപ്പം സ്ഥാപിച്ചതെന്ന് കൊല്ലം സ്വദേശിയായ ഒരു യുവതി വ്യക്തമാക്കി. മാനസിക-ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് ചികിത്സയുടെ പേരിൽ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയും സംഭാഷണങ്ങളിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. വിഡിയോ കോളിൽ മുഖം നോക്കി സംസാരിക്കാൻ ഇയാൾ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മോശം പരാമർശങ്ങൾ നടത്തിയെന്നും യുവതി പറയുന്നു. സാധാരണ ഫോൺ കോളുകൾ ഒഴിവാക്കി വാട്‌സ്ആപ്പ് കോളുകൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശിച്ചതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. കോൾ റെക്കോഡ് ചെയ്യപ്പെടുമെന്ന ഭയത്താലാണ് ഇയാൾ വാട്‌സ്ആപ്പ് കോളുകളെ ആശ്രയിച്ചതെന്നാണ് ഇതിലുള്ളത്. എങ്കിലും ഈ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേരുണ്ടെങ്കിലും ഭയവും മടിയും കാരണം പുറത്തുപറയാൻ തയാറാകുന്നില്ലെന്നും യുവതി പറയുന്നു.

റിമാൻഡിൽ കഴിയുന്ന കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് ജൗഹരി (34) ഡയറക്ടറായ ഓച്ചിറ മേമനയിലെ അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമി എന്ന മതപാഠശാല കഴിഞ്ഞ ദിവസം അധികൃതർ പൂട്ടി സീൽ ചെയ്തിരുന്നു. നാൽപതോളം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്. പിതൃമാതാവിന്റെ ബാധ ഒഴിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ സ്ഥാപനത്തിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 16കാരിയെ പീഡനത്തിനിരയാക്കിയത്.

പുതിയ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും കേസിൽ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ ഉൾപ്പെടെ കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന രീതിയിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *