കോന്നി: കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം വനാതിർത്തിയിൽ വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണു. വെള്ളിയാഴ്ച വൈകീട്ട് 5.45ഓടെയാണ് കൂട്ടിൽ കരിമ്പുലി വീണത്.
വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീഴുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണ്. ഇതിന് സമീപം ഒരു മാസം മുമ്പ് കരിമ്പുലിയെയും കുട്ടികളെയും നാട്ടുകാർ കണ്ടിരുന്നു. അതിനുശേഷമാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിക്കൂട്ടിൽ ഇരയായി ഇട്ട ആടിനെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു. വീണ്ടും ഇട്ട ആടിനെ പിടിക്കാനെത്തിയപ്പോഴാണ് കരിമ്പുലി കൂട്ടിൽ അകപ്പെട്ടത്.
കരിമ്പുലിയുടെ സാന്നിധ്യം കോന്നി വനം ഡിവിഷനിലെ കല്ലേലി, കുളത്തുമൺ, പോത്തുപാറ, പാടം തുടങ്ങിയ മേഖലകളിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടലാണ് പുലി അകപ്പെട്ടത്.

