'എന്തിനും തയാർ'; ക്ലീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കും -റവന്യൂ മന്ത്രി

‘എന്തിനും തയാർ’; ക്ലീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കും -റവന്യൂ മന്ത്രി

Spread the News
എ.പി. അനിൽ കുമാർ

പത്തനംതിട്ട: പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണമായി തയാറെന്നും ക്ലീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ. എൻ.ഡി.ആർ.എഫ്. സംഘങ്ങളും കൂടുതൽ പൊലീസും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകളും ആറൻമുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി എ.പി. അനിൽ കുമാർ വിശദീകരിച്ചു. ഏത് അലർട്ട് വന്നാലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അലർട്ട് ഗ്രീൻ ആണെങ്കിലും സർക്കാർ സംവിധാനങ്ങൾ എന്തിനെയും നേരിടാൻ സജ്ജരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ആറൻമുള എം.എൽ.എ. അബിൻ വർക്കി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പമ്പയിൽ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തൽ.

എൻ.ഡി.ആർ.എഫ്., മത്സ്യത്തൊഴിലാളി സംഘം, അഗ്നിരക്ഷ സേന എന്നിവർ ജില്ലയിൽ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ജനങ്ങൾ അധികൃതരുടെ കൃത്യമായ നിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത് ഏറ്റവുമധികം ബാധിക്കുക ആറൻമുളയെയാണെന്ന് അബിൻ വർക്കി പറഞ്ഞു. ഇപ്പോൾ തന്നെ ആറൻമുളയിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന് മുകളിലാണ് ഇനി കൂടുതൽ വെള്ളം എത്തുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം. അത് നേരിടാനാണ് കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തിൽ വീടിന്റെ മുകൾ നിലയിൽ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്റർ എത്തിയാൽ ഡാം തുറന്നുവിടാൻ നിർദേശമുണ്ട്. ജില്ലയിൽ അതിതീവ്രമഴയാണെന്നും ആളുകൾ ഉടൻ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാർ ഡാം തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *