കോഴിക്കോട്: ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും പൂർണതോതിൽ ട്രാക്കിലായില്ല. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. തകർന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചു നീക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനിലെ 2,3 പ്ലാറ്റ് ഫോമുകളിൽ ഇന്ന് ട്രെയിൻ സർവിസ് ഉണ്ടാകില്ല. നിലവിൽ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്.
കണ്ണൂർ ഭാഗത്തുനിന്നുള്ള പരശുറാം എക്സ്പ്രസ് (16649), കണ്ണൂർ കോഴിക്കോട് പാസഞ്ചർ (56632), പാലക്കാട് എക്സ്പ്രസ് (16610), നേത്രാവതി എക്സ്പ്രസ് (16345) എന്നിവ ഒരുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. വന്ദേഭാരത് (20631) മാത്രമാണ് നിലവിൽ സമയക്രമം പാലിക്കുന്നത്.
കൂടാതെ, കണ്ണൂർ – കോഴിക്കോട് പാസഞ്ചർ (56632) ഇന്ന് കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ സർവിസ് അവസാനിപ്പിക്കും. ഇത് നഗരത്തിലേക്കുള്ള യാത്രക്കാരെ വലക്കും. ഈ ട്രെയിൻ തിരിച്ചുപോകുന്നതും (കോഴിക്കോട് – കണ്ണൂർ പാസഞ്ചർ 56617) വെസ്റ്റ് ഹില്ലിൽ നിന്നായിരിക്കും. ഉച്ചയ്ക്ക് 2:16-നാണ് വെസ്റ്റ്ഹില്ലിൽനിന്ന് പുറപ്പെടുക.
മൂന്ന് ട്രെയിനുകൾ 16 മണിക്കൂർ വരെ വൈകും
ഇന്നലെ (2026 ജൂലൈ 9) തിരുവനന്തപുരം നോർത്തിൽ നിന്നും ഉച്ച കഴിഞ്ഞ് 3:45ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് വീക്കിലി എക്സ്പ്രസിന്റെ (19259) സമയം പുനക്രമീകരിച്ചു. 16 മണിക്കൂർ വൈകി ഇന്ന് (2026 ജൂലൈ 10) രാവിലെ 7:45നാണ് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നോർത്തിൽ എത്തിച്ചേർന്ന 19260 ഭാവ്നഗർ ടെർമിനസ് – തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്സ് വൈകി എത്തിയതാണ് ഇതിന് കാരണം.
ഇന്ന് (2026 ജൂലൈ 10) എറണാകുളം ജംഗ്ഷനിൽ നിന്നും പുലർച്ചെ 2:15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22149 എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സമയവും പുനക്രമീകരിച്ചു. 10.45 മണിക്കൂർ വൈകി ഇന്ന് ഉച്ച 1 മണിക്കേ എറണാകുളം ജങ്നിൽ നിന്ന് ഈ ട്രെയിൻ പുറപ്പെടൂ. എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരേണ്ട 22150 പുണെ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് വൈകുന്നതാണ് കാരണം.
ഇന്ന് (2026 ജൂലൈ 10) തിരുവനന്തപുരം നോർത്തിൽ നിന്നും രാവിലെ 9:10ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 20931 തിരുവനന്തപുരം നോർത്ത് – ഇൻഡോർ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സമയവും പുനക്രമീകരിച്ചു. 10.5 മണിക്കൂർ വൈകി ഇന്ന് രാത്രി 7:15നാണ് ഈ ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടുക. തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരേണ്ട 20932 ഇൻഡോർ – തിരുവനന്തപുരം നോർത്ത് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് വൈകുന്നതാണ് കാരണം.

