രാത്രി ബസ് സ്റ്റാൻഡിലേക്ക് പോയ യുവതിയെ തടഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; ടിപ്പറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്നു, അഞ്ചംഗ സംഘം പൊലീസ് വലയിൽ

രാത്രി ബസ് സ്റ്റാൻഡിലേക്ക് പോയ യുവതിയെ തടഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; ടിപ്പറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്നു, അഞ്ചംഗ സംഘം പൊലീസ് വലയിൽ

Spread the News

മൂവാറ്റുപുഴ: അർധരാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടി ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂവാറ്റുപുഴ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന യുവതിയെയാണ് 130 ജങ്ഷനു സമീപം ബൈക്കിലെത്തിയ യുവാക്കൾ അപമാനിക്കാൻ ശ്രമിച്ചത്.

യുവാക്കൾ ബൈക്കിൽ യുവതിയെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഭയന്ന യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും വിട്ടില്ല. മുന്നോട്ട് ഓടിയ യുവതി ഇതിനിടെ അതുവഴി വന്ന ടിപ്പർ കൈ കാണിച്ച് നിറുത്തി അതിൽ കയറി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ, യുവാക്കൾ ടിപ്പറിനെ ബൈക്കിൽ പിന്തുടർന്നു. മാരകായുധങ്ങളുമായി 15 കിലോമീറ്റർ ദൂരമാണ് ഇവർ ടിപ്പറിനെ പിന്തുടർന്ന് യുവതിയെ അപായപ്പെടുത്താനായി ശ്രമിച്ചത്. തുടർന്ന് ടിപ്പർ ഡ്രൈവർ പിറവം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒടുവിൽ വഴിയിൽ കാത്തുനിന്ന പൊലീസ് യുവതിയെ സുരക്ഷിതയാക്കി രക്ഷപ്പെടുത്തി. പൊലീസ് യുവതിയെ രക്ഷപ്പെടുത്തുന്നതു കണ്ടതോടെ പിന്നാലെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പുലർച്ചയോടെ യുവാക്കളെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ എസ്.ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *