പരോളിലിറങ്ങി 'മാസ്' റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതി, വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ

പരോളിലിറങ്ങി ‘മാസ്’ റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതി, വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ

Spread the News

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പരോൾ വ്യവസ്ഥകൾ കാറ്റിൽ പറത്തി സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നൽകുന്ന റീൽസ് വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ. ബേഡകം കുണ്ടുംകുഴി സ്വദേശിയും കേസിലെ പ്രതിയുമായ അശ്വിനാണ് ജയിൽ അധികൃതരുടെ കർശന നിർദേശങ്ങൾ ലംഘിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

സിനിമയിലെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിൽ, സിഗരറ്റ് വലിച്ച് പുക ഊതിവിട്ടും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജയിൽ വകുപ്പിന്റെ കർശനമായ വ്യവസ്ഥയുണ്ട്. എന്നാൽ, ഈ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് പ്രതിയുടെ പ്രകടനം. വിവാദമായതോടെ വീഡിയോ പിന്നീട് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികൾക്ക് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരോളിലിറങ്ങിയ പ്രതി തന്നെ നിയമലംഘനം നടത്തി രംഗത്തെത്തിയത്. സംഭവം വാർത്തയായതോടെ വിഷയത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *