ന്യൂഡൽഹി: 2025-26 അസസ്മെന്റ് വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31ൽനിന്ന് സെപ്റ്റംബർ 15ലേക്ക് നീട്ടി.
അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഇത് ബാധകമാണ്. 2024 ഏപ്രിൽമുതൽ 2025 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിനാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.
ഐ.ടി.ആർ ഫോമുകളിൽ അടുത്തിടെ ആദായനികുതി വകുപ്പ് മാറ്റം വരുത്തിയിരുന്നു. ഇതിനുള്ള സംവിധാനമൊരുക്കുന്നതിന് സമയം ആവശ്യമായതിനാലാണ് തീയതി നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.




